ഷാൻ വധം: ദൃക്സാക്ഷി അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവായിരുന്ന അഡ്വ. കെ.എസ്. ഷാനെ വെട്ടിക്കൊന്ന കേസിൽ വിചാരണ തുടങ്ങി. അഞ്ച് പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. ആലപ്പുഴ അഡീഷനൽ ജില്ല സെക്ഷൻസ് കോടതിയിലാണ് വിചാരണ. വെള്ളിയാഴ്ച രാവിലെ 11ന് കേസ് പരിഗണിച്ചപ്പോൾ ഒന്നാം സാക്ഷിയും അഡ്വ. രഞ്ജിത് വധക്കേസിലെ 14ാം പ്രതിയുമായ മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജിയെയാണ് ആദ്യം വിസ്തരിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. ഉച്ച ഇടവേളക്കുശേഷം വൈകീട്ട് മൂന്നിനാണ് നടപടിക്രമം അവസാനിച്ചത്. പിന്നീട് കോടതി വീണ്ടും ചേർന്നപ്പോൾ പ്രധാന ദൃക്സാക്ഷി മണ്ണഞ്ചേരി സ്വദേശി നാസറിനെ വിസ്തരിച്ചു.
ഷാനിനെ വെട്ടിയവരെയും വാഹനത്തിലുണ്ടായിരുന്ന അഞ്ച് പ്രതികളെയുമാണ് തിരിച്ചറിഞ്ഞത്. ഇവർ ഒന്നു മുതൽ ആറുവരെ പ്രതികളാണ്. ഷാനിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ, ഷാന്‍റെ വാച്ച്, രക്തംപുരണ്ട സാക്ഷിയുടെ വസ്ത്രം, ഷാനെ വെട്ടാൻ ഉപയോഗിച്ച വാളുകൾ എന്നിവയും തിരിച്ചറിഞ്ഞു. കേസിലെ ഒരു പ്രതി കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയിൽ വീടുകയറിയുള്ള അക്രമണകേസിൽ റിമാൻഡിലായിരുന്നു. ഈ പ്രതിയെയും കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെടുമ്പോൾ ഷാൻ ഉപയോഗിച്ച സ്കൂട്ടറും കൊലപാതത്തിന് പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും ഹാജരാക്കി.
പ്രതികൾക്കുവേണ്ടി ബി.ജെ.പി നേതാവും മുൻ ഗവർണറുമായ അഡ്വ. ശ്രീധരൻപിള്ളയാണ് ഹാജരായത്. ഗവർണർ പദവി ഒഴിഞ്ഞശേഷം വീണ്ടും അഭിഭാഷകനായി ഹാജരാകുന്ന ആദ്യ വ്യക്തിയാണിദ്ദേഹം. പ്രതികൾക്കായി ശാസ്ത്രമംഗലം അജിത്കുമാർ, അഡ്വ. റോയി എന്നിവരുമെത്തി. അഭിഭാഷകൻ ബി. രാമൻപിള്ള വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഹാരിസും ഹാജരായി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ 2021 ഡിസംബർ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണഞ്ചേരി പൊന്നാടിന് സമീപം പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.