അയ്യപ്പൻ

പ്ലാറ്റ്ഫോമിൽനിന്ന് യുവതിയെ വലിച്ചിഴച്ച് ട്രെയിനിലെത്തിച്ചു; ബലാത്സംഗത്തിനുശേഷം ക്രൂരമായി കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി അയ്യപ്പനെയാണ് (31) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിലാണ് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നവംബർ 18ന് രാവിലെ എട്ടുമണിയോടെയാണ് നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിലെ സീറ്റിനടിയിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പരിശോധനകൾക്കായി മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് യുവതിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.

നവംബർ 14ന് രാവിലെ എട്ടുമണിയോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ ട്രെയിൻ കോച്ചിൽനിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദൃശ്യങ്ങളിലുള്ളയാൾ കന്യാകുമാരി സ്വദേശി അയ്യപ്പനാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് റെയിൽവേ യാർഡിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ എത്തിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

മർദനത്തിനിടെ യുവതിക്കേറ്റ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം കോച്ചിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച് പ്രതി സ്ഥലംവിട്ടതായും പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന് നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

അറസ്റ്റിലായ അയ്യപ്പൻ കഴിഞ്ഞ മൂന്നുനാലു മാസമായി നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങിനടന്നിരുന്നുവെന്നാണ് പ്രദേശവാസികളിൽനിന്ന് ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, കൊല്ലപ്പെട്ട യുവതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുവതിയുടെ തിരിച്ചറിയൽ വിവരങ്ങൾ ലഭിക്കാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Accused Arrested Over Brutal Murder and Rape of Woman on Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.