കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ച ഉബർ കാർ തട്ടിക്കൊണ്ടുപോയി. കാർ പിന്നീട് വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസ് കണ്ടെടുത്തു. രക്ഷപ്പെട്ട പ്രതിയെ ഇതുവരെയും പോലീസിന് പിടികൂടാനായില്ല. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ഊബർ കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. പുതുക്കുറിച്ചിയിൽ പുലർച്ചെ നാലര മണിയോടെയാണ് ഇയാൾ ബുക്ക് ചെയ്ത ഉബർ കാർ എത്തിയത്.
പെരുമാതുറ ജംഗ്ഷനിൽ പോകണമെന്നും രണ്ട് സുഹൃത്തുക്കൾ കൂടി വരാനുണ്ടെന്നും പറഞ്ഞ് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പ്രതിയുടെ കൈയിൽ ഒരു ക്രിക്കറ്റ് ബാറ്റും ഉണ്ടായിരുന്നു. ഊബർ കാർ ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി സജി തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയം ഇയാൾ കാർ എടുത്ത് രക്ഷപ്പെടുകയായിരുന്നു. കാർ ഡ്രൈവറായ ആറ്റിങ്ങൽ സ്വദേശി സജി ഉടൻ തന്നെ കഠിനംകുളം പൊലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ തിരുവനന്തപുരം ഭാഗത്തേക്കാണ് കാറുമായി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ജി.പി.എസ് സംവിധാനമുള്ളതിനാൽ കാർ വലിയതുറ സ്റ്റേഷൻ പരിധിയിലെ ചെറിയതുറയിൽ നിന്നും പോലീസ് കണ്ടെത്തി.
നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരുതവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. ഇയാൾ കഴിഞ്ഞദിവസം രാത്രി മൂന്നു പേരെ മർദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ മറ്റു രണ്ടുപേർ സ്റ്റേഷൻ റൗഡികളാണ്. വിവരമറിഞ്ഞ പോലീസ് പ്രതിയെ തിരഞ്ഞ് വരുന്നതിനിടെയാണ് ഇന്നലെ വെളുപ്പിന് കാറുമായി കടന്നു കളഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. കാർ കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.