കോട്ടക്കൽ: ദേശീയപാത കേന്ദ്രീകരിച്ച് വൻ രാസലഹരിവേട്ടയുമായി കോട്ടക്കൽ പൊലീസ്. വ്യത്യസ്ത കേസുകളിലായി രണ്ടുപേർ അറസ്റ്റിലായി. 136.965 ഗ്രാം എം.ഡി.എം.എയുമായി ഊരകം മേൽമുറി കീരൻകുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ (27), വേങ്ങര വെട്ടുതോട് സ്വദേശി കാപ്പിൽ വീട്ടിൽ റഫീഖ് (36) എന്നിവരെയാണ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വിൽപനക്കായി സൂക്ഷിച്ച 22.00 ഗ്രാം എം.ഡി.എം.എയുമായി അരുണാണ് ആദ്യം പിടിയിലായത്. ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് എസ്.ഐ കെ.ആർ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
2022ൽ 781 ഗ്രാം എം.ഡി.എം.എയുമായി അരുണിനെ വേങ്ങര പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും സജീവമായി. ഒമ്പതിനായിരം രൂപയും വിൽപനക്കുപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു. കോട്ടക്കൽ തോക്കാംപാറയിൽ മുറി വാടകക്കെടുത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെയാണ് റഫീഖ് 10.410 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, ഡാൻസാഫ് സ്ക്വാഡ് എസ്.ഐ എ.എം യാസിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽപനയിലൂടെ ലഭിച്ച 22,600 രൂപയും കണ്ടെടുത്തു. ഇരുവരുടെയും വീട്ടിൽ നടത്തിയ പരിശോധനയിൽ റഫീക്കിന്റെ വേങ്ങര വെട്ടുതോടുള്ള വീട്ടിൽനിന്ന് 104.55 ഗ്രാം എം.ഡി.എം.എയും ത്രാസും ഗ്ലാസ് ഫ്യൂമുകളും പിടികൂടി. ഇരുവരേയും റിമാൻഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, നാർകോട്ടിക് ഡിവൈ.എസ്.പി എൻ.ഒ. സിബി എന്നിവരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരായ രജീഷ്, ബുഷ്റ, ശൈലേഷ്, ജോൺ, പ്രദീപ്, ബിജു റോബർട്ട്, ബിനു കുമാർ, നിഷാദ് മുഹമ്മദ് റാഫി, ജിജു, മുഹമ്മദ്, അമ്പിളി, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവതി, കെ.കെ. ജസീർ, വി.പി. ബിജു, രഞ്ജിത് രാജേന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.