ഊരുട്ടമ്പലം ഇരട്ടക്കൊലപാതകം: വിചാരണ നവംബർ അഞ്ചിന് തുടങ്ങും
തിരുവനന്തപുരം: ഊരുട്ടമ്പലത്ത് യുവതിയെയും രണ്ടര വയസുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നവംബർ അഞ്ചിന് തുടങ്ങും. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞദിവസം കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്ന മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാറനല്ലൂർ വെള്ളൂർകോണം അംബിക വിലാസത്തിൽ ദിവ്യ (23), മകൾ ഗൗരി (രണ്ടര) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2011 ആഗസ്റ്റ് 18നായിരുന്നു നാടിനെ നടുക്കിയ സംഭവം.
മാഹിൻകണ്ണുമായി പ്രണയത്തിലായിരുന്ന ദിവ്യ ഊരുട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. ദിവ്യയുടെ പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ ഇടപെട്ട് തിരികെ കൊണ്ടുവന്നു. വീണ്ടും ഒരുമിച്ച് താമസിക്കുന്നതിനിടെ മാഹിൻകണ്ണ് വിവാഹിതനാണെന്ന വിവരമറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം കലഹത്തിലായി. ഇതിലൊടുവിലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം താനും കുഞ്ഞും മാഹിൻകണ്ണിനൊപ്പം പോകുകയാണെന്ന് ദിവ്യ അമ്മ രാധയെയും സഹോദരി ശരണ്യയെയും അറിയിച്ചിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ ബന്ധുക്കളുടെ പരാതിയിൽ പൂവാർ പൊലീസും തുടർന്ന് മാറനല്ലൂർ പൊലീസും അന്വേഷണം ആരംഭിച്ചു. ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും കൂട്ടിക്കൊണ്ടുവരാമെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച ശേഷം മാഹിൻകണ്ണ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഊരുട്ടമ്പലത്തുനിന്ന് ഓട്ടോറിക്ഷയിൽ ബാലരാമപുരം, വഴിമുക്ക്, ഉദിയൻകുളങ്ങര വഴി തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാതുറയ്ക്ക് സമീപമുള്ള ഇടപ്പാട് കടൽത്തീരത്തെത്തിച്ച ശേഷം ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
രണ്ടുദിവസത്തിനുശേഷം തമിഴ്നാട്ടിലെ തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ തമിഴ്നാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അജ്ഞാത മൃതദേഹങ്ങളുടെ ഈ ചിത്രങ്ങൾ പിന്നീട് ദിവ്യയുടെ സഹോദരി ശരണ്യക്ക് കാണിച്ചുകൊടുത്തപ്പോഴാണ് കൊല്ലപ്പെട്ടത് ദിവ്യയും മകളുമാണെന്ന് തിരിച്ചറിഞ്ഞത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 109 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്തരിക്കും. 104 രേഖകളും ആറ് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.