ജനിച്ചയുടൻ പെൺകുഞ്ഞിനെ കുഴിച്ചുമൂടി; അച്ഛനും മുത്തച്ഛനുമടക്കം മൂന്നുപേർ റിമാൻഡിൽ
കോയമ്പത്തൂർ: ജനിച്ചയുടൻ പെൺകുഞ്ഞിനെ മണ്ണിൽ കുഴിച്ചുമൂടിയ കേസിൽ അച്ഛനും മുത്തച്ഛനുമടക്കം മൂന്നുപേർ റിമാൻഡിൽ. നാഗപാണ്ടി-ലോകനന്ദിനി (24) ദമ്പതികളുടെ രണ്ടാമത്തെ പെൺകുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ രാമേശ്വരം സമ്പൈ സ്വദേശി നാഗപാണ്ടി (32), പിതാവ് കൃഷ്ണൻ (66), സഹോദരി മുനീശ്വരി (36) എന്നിവരെയാണ് രാമേശ്വരം നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 18ന് രാത്രി ലോകനന്ദിനിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുനീശ്വരിയുടെ സഹായത്തോടെ വീട്ടിൽതന്നെ പ്രസവം നടന്നു. തുടർന്ന് അമിത രക്തസ്രാവമുണ്ടായ ലോകനന്ദിനിയെ മാത്രം ബന്ധുക്കൾ രാമേശ്വരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ച ഡോക്ടർമാരോട് ബന്ധുക്കൾ പരസ്പരവിരുദ്ധമായ മറുപടി നൽകിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നവംബർ 19ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിസംബർ മൂന്ന് വരെ റിമാൻഡ് ചെയ്ത് രാമനാഥപുരം സബ് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.