കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതി. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസിന്റെ ചുമതല നല്‍കിയത്. ഇത് കൂടാതെയും ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. വകുപ്പുതലത്തിൽ നിരവധി തവണ നടപടിയും കൈക്കൊണ്ടു. ഇത്രയേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് നിയമപാലനത്തിന് സ്റ്റേഷൻ ചുമതല നൽകിയത്.
തൃക്കാക്കരയിൽ താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പി.ആര്‍. സുനുവിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനായി ബേപ്പൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് തൃക്കാക്കര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വിമുക്ത ഭടന്റെ ഭാര്യയാണ് പരാതിക്കാരി. കഴിഞ്ഞ മേയ് മാസത്തിൽ തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കേസിൽ സി.ഐക്ക് പുറമേ മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.