മുംബൈ: കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന 29വയസുള്ള ഡോക്ടർ ജീവനൊടുക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഡോക്ടർ നിരവധി തവണ ബലാത്സംഗത്തിനിരയാക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ മകനുമാണ് അവരെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. ഒക്ടോബർ 23 രാത്രിയാണ് ഡോക്ടറെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് മറാത്തി ഭാഷയിൽ എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഇവരെ നാലുതവണ ബലാത്സംഗത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോപാൽ ബദനെ എന്നാണ് ഇയാളുടെ പേര്. ഫാൽട്ടൻ സിറ്റിയിലെ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ്. ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.
അതുപോലെ വീട്ടുടമസ്ഥന്റെ മകനായ പ്രശാന്ത് ബങ്കറിൽ നിന്ന് നിരന്തരം ശാരീരിക-മാനസിക പീഡനത്തിനിരയായിരുന്നുവെന്നും ഡോക്ടറുടെ ആത്മഹത്യ കുറിപ്പിലുണ്ട്. ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സതാരയിലെ ഫാൽട്ടനിലെ സർക്കാർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഡോക്ടർ. ഇവരെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. ഡോക്ടറുടെ കുടുംബത്തിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ബലാത്സംഗം, ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
അറസ്റ്റിലായ ചില ആളുകൾക്കായി മെഡിക്കലി ഫിറ്റാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകാൻ ഡോക്ടർക്കു മേൽ പൊലീസിന്റെയും ചില രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായിരുന്നുവെന്നു ഒരു ബന്ധു പറയുന്നു. അതുപോലെ തെറ്റായ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ നൽകാനും സമ്മർദമുണ്ടായിരുന്നു. രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുവരാതെ ഫിറ്റിനസ് സർട്ടിഫിക്കറ്റുകൾ നൽകണമെന്നായിരുന്നു ഡോക്ടറോട് ആവശ്യപ്പെട്ടത്.
തുടർന്ന് ഈ വർഷാദ്യം മൂന്ന് പൊലീസുകാർക്കെതിരെ ഡോക്ടർ പരാതി നൽകുകയും ചെയ്തു. ആ പൊലീസുകാരിൽ ഒരാളാണ് ബലാത്സംഗം ചെയ്തതെന്നും ബന്ധു വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണം പൊലീസ് ഉദ്യോഗസ്ഥൻ നിഷേധിച്ചിട്ടുണ്ട്. ഡോക്ടർക്ക് വീട്ടുടമയുടെ മകനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും മെസേജുകൾ അയച്ചിരുന്നുവെന്നുമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം.
ഡോക്ടറുടെ ആത്മഹത്യ രാഷ്ട്രീയതലത്തിൽ ആയുധമാക്കിയ കോൺഗ്രസ് മഹായുതി സർക്കാർ സ്‍ത്രീകളെ സംരക്ഷിക്കുന്നതിൽ പൂർണ പരാജയമാണെന്നും വിമർശിച്ചു.
''മഹായുതി സർക്കാർ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു''കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു.
ഡോക്ടറുടെ മരണത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെയും രംഗത്തുവന്നിട്ടുണ്ട്. കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.