ചികാഗോ: വിവാഹമോചന കഥ സമൂഹമാധ്യമത്തിലൂടെ തുറന്ന് പറഞ്ഞ വൈരാഗ്യത്തിൽ ചിക്കാഗോയിൽ പാകിസ്താനി യുവതിയെ ഭർത്താവ് വെടിവെച്ച് കൊന്നു. സാനിയ ഖാൻ ആണ് കൊല്ലപ്പെട്ടത്. കുറച്ച് കാലത്തേക്ക് ചിക്കാഗോയിലേക്ക് എത്തിയതായിരുന്നു പാക്- അമേരിക്കൻ വംശജയായ സാനിയ. ഓഹിയോ തെരുവിലെ '200 ബ്ലോക്കി'ലാണ് സാനിയയെയും പരിക്കേറ്റ നിലയിൽ അവരുടെ ഭർത്താവിനെയും പൊലീസ് കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് തന്നെ യുവതി മരിച്ചിരുന്നു. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹം നടന്നിട്ട് ഒരു വർഷം ആയിട്ടില്ല. ഇതിനോടകം സാനിയ വിവാഹമോചനം തേടുകയായിരുന്നു. ദാമ്പത്യ ജീവിതത്തിൽ അനുഭവിച്ച മാനസിക പ്രശ്നങ്ങൾ സാനിയ ടിക് ടോക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
ജീവിതത്തിൽ തോറ്റുപോയത് പോലെ ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും സമൂഹത്തെ പേടിച്ച് ജീവിച്ച കാലത്തെ ഒറ്റപ്പെടൽ ദുരിതമായിരുന്നെന്നും സാനിയ പറഞ്ഞിരുന്നു. വെളിപ്പെടുത്തൽ ഭർത്താവിനെ പ്രകോപിപ്പിച്ചതാണ് കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ സ്ത്രീകൾക്കും കുട്ടികൾക്കും അവകാശങ്ങൾ വലിയ തോതിൽ നിഷേധിക്കപ്പെടാറുണ്ട്. ഇവർക്കെതിരെ നടക്കുന്ന ചൂഷണങ്ങളും ഭീകരമാണ്. ആഗോള സ്ത്രീ സുരക്ഷ സൂചികയിൽ 170 രാജ്യങ്ങളിൽ 167-ാം സ്ഥാനത്താണ് പാകിസ്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.