ഓപ്പറേഷൻ തൂഫാൻ: എം.ഡി.എം.എയുമായി തൃശൂരിൽനിന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരും കഴക്കൂട്ടത്തുനിന്ന് ഒരാളും പിടിയിലായി

തൃശ്ശൂര്‍: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.

ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശ്ശൂരിലേക്ക് യാത്രതിരിച്ചത്. വഴിമധ്യേ വാണിയംപാറയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പിന്നാലെ പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.ഐ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് വീട്ടിൽനിന്ന് എം.ഡി.എം.എ മാറ്റിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പിന്നാലെ ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പിൽ നടത്തിയ റെയ്ഡിലാണ് 300 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എം.ഡി.എം.എ ഇങ്ങോട്ട് മാറ്റിയ സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ കോൾ റെക്കോർഡും ചാറ്റുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലൂടെ ലഹരി മരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ ആളുകളെയും കണ്ടെത്താനുമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴു ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശി ഷാരോൺ ജേക്കബ് (29) ആണ് സിറ്റി ഡാൻസാഫ് ടീമിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഇൻസുലിൻ സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക ഉപകരണവും 4000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ ഡിസംബറിൽ എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയിനുമായി ഇയാൾ പിടിയിലായിരുന്നു.

കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടം ആരംഭിക്കുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സ്ഥിരം കച്ചവടക്കാരെ നിരീക്ഷിച്ചു വരുന്നതിനിടെ ഷാരോൺ വീട്ടിലെത്തിയതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. നിരവധി ലഹരി-അടിപിടി കേസുകളിൽ പ്രതിയാണ് ഷാരോൺ. സ്ഥിരം ലഹരി കച്ചവടക്കാരൻ ആയ ഇയാൾ കൂടുതൽ ലഹരി വസ്തുക്കൾ ശേഖരിച്ചിട്ടുള്ളതായി വിവരം ലഭിച്ച പൊലീസ് വിശദമായി പരിശോധന നടത്തിവരികയാണ്. പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി.

Tags:    
News Summary - Operation Toofan: Five people, including women, from Thrissur and one person from Kazhakoottam arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.