ഹൈറേഞ്ചിൽ കൗമാരക്കാരുടെ ആത്മഹത്യ കൂടുന്നതായി പൊലീസ്

നെടുങ്കണ്ടം: ഹൈറേഞ്ചിൽ കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യകളും കുടുംബപ്രശ്‌നങ്ങളും മാനസിക സംഘർഷങ്ങളും വർധിക്കുന്നതായി പൊലീസ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഹൈറേഞ്ചിലെ, തോട്ടം കാര്‍ഷിക മേഖലകളിലെ നിരവധി കുടുംബങ്ങളില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ ഏതാനും മാസത്തിനിടെ നെടുങ്കണ്ടം, കമ്പംമെട്ട്, ഉടുമ്പന്‍ചോല, ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയില്‍ പലതിനും വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. തോട്ടം മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നതായും മുമ്പ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗവും വർധിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ കുടുംബങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി നെടുങ്കണ്ടം പൊലീസ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ പൊലീസിന്‍റെ ആദ്യ കൗണ്‍സലിങ് സെന്‍റര്‍ നെടുങ്കണ്ടത്ത് ആരംഭിച്ചത്. ആഴ്ചയില്‍ ആറ് ദിവസം, രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രണ്ട് കൗണ്‍സലര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നിര്‍ദേശിക്കുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൗണ്‍സലിങ് ലഭ്യമാക്കും. ജനമൈത്രി പൊലീസിന്‍റെ ശ്രദ്ധയില്‍പെടുന്ന വിവിധ വിഷയങ്ങളിൽ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേക കൗണ്‍സലിങ് നൽകും.

Tags:    
News Summary - of teenagers Police that suicides are on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.