1. കൊല്ലപ്പെട്ട നാസില
2. പ്രതി റഹിം
പാലോട്: നാടിനെ നടുക്കിയ നാസില ബീഗം കൊലപാതകക്കേസിൽ ഒരുവര്‍ഷം പിന്നിടുമ്പോഴും ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു.
പാലോട് പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസില ബീഗത്തെ (39) കുത്തിക്കൊന്നശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് നെടുമങ്ങാട് സ്വദേശി മുഹമ്മദ് റഹീമിന് വേണ്ടിയുള്ള അന്വേഷണമാണ് എങ്ങുമെത്താത്തത്.
പാലോട് പൊലീസിനാണ് കേസന്വേഷണ ചുമതല. കഴിഞ്ഞ വർഷം നവംബർ 10 നായിരുന്നു കൊലപാതകം. ഉറങ്ങാന്‍ കിടന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം പുലര്‍ച്ചയോടെ റഹിം നാടുവിടുകയായിരുന്നു.
റഹീമിനുവേണ്ടി ആദ്യം പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് മന്ദഗതിയിലായി. ഉമ്മയെ കുത്തിക്കൊന്ന വിവരം ഒപ്പം ഉറങ്ങിയിരുന്ന 10ാംക്ലാസുകാരിയായ മകള്‍പോലും അറിഞ്ഞിരുന്നില്ല. സംഭവ ദിവസം രാത്രി റഹീം ഭാര്യക്കും മകള്‍ക്കും മയക്കുമരുന്നു പുരട്ടിയ ചോക്ലറ്റുകള്‍ നല്‍കിയിരുന്നതായി പിന്നീട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ചാക്ക ആര്.ഐ സെന്ററിലെ ജീവനക്കാരനായ റഹിം വീടിനടുത്ത് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന സ്കൂട്ടറിൽ കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടതായാണ് കരുതുന്നത്. അന്നു രാവിലെ കൊച്ചുവേളി റെയില്വേസ്റ്റേഷന് പരിസരത്ത് ഇയാളെ കണ്ടവരുണ്ട്. അവിടെ വെച്ച് റഹീമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനുശേഷം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. കൊലപാതകത്തിനു കാരണം എന്തെന്നും പൊലീസിനു തെളിയിക്കാനായിട്ടില്ല.
ആന്ധ്രപ്രദേശിൽ ഇയാളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവിടെയും വിശദമായ അന്വേഷണം നടത്തിയിരുന്നു. മുംബൈയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അവിടെയും അന്വേഷണം നടത്തി. റഹീം പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.