ചാ​ലി​യാ​റി​ൽ ത​ള്ളി​യ ഷാ​ബാ ശെ​രീ​ഫി​ന്‍റെ മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മൃതദേഹ ഭാഗത്തിനായി ചാലിയാറിൽ തിരച്ചിൽ തുടങ്ങി

നിലമ്പൂർ: കൊത്തിനുറുക്കി പുഴയിൽ തള്ളിയ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുന്നതിന് ചാലിയാർ പുഴയിൽ പൊലീസ് തിരച്ചിൽ തുടങ്ങി. മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട ഫയർഫോഴ്സ്, എമർജൻസി റെസ്ക‍്യൂ ഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടുപ്രതിയും ഷൈബിന്‍റെ ഡ്രൈവറുമായ നിഷാദിനെയും സീതിഹാജി പാലത്തിൽ തെളിവെടുപ്പിനെത്തിച്ചത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, സി.ഐ പി. വിഷ്ണു, എടവണ്ണ എസ്.എച്ച്.ഒ അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ വൻ സായുധ സംഘത്തോടെയാണ് പ്രതികളെ കൊണ്ടുവന്നത്.

ഷൈബിനെ മുഖംമൂടി അണിയിച്ചിരുന്നു. ഇയാളുടെ ചുവന്ന ആഢംബര കാറിലാണ് മൃതദേഹം കൊണ്ടുവന്നിരുന്നത്. പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം പാലത്തിൽനിന്ന് ചാലിയാറിലേക്ക് തള്ളിയത് ഷൈബിനും നിഷാദും കൂടിയാണ്. വാഹനങ്ങൾ വരുന്നുണ്ടോയെന്നറിയാൻ മറ്റു പ്രതികൾ പാലത്തിന് ഇരുഭാഗങ്ങളിലും നിലയുറപ്പിച്ചു.

എടവണ്ണ-ഒതായി റോഡിന്‍റെ ഇടതുഭാഗത്ത് പാലത്തിന്‍റെ മൂന്നാം തൂണിന് ചേർന്നാണ് വെള്ളത്തിലേക്ക് എറിഞ്ഞത്. അർദ്ധരാത്രി തള്ളുന്നതിനിടെ മൃതദേഹം പാലത്തിന്‍റെ ഭിത്തിയിൽ തട്ടിയിരുന്നതായി നിഷാദ് പറഞ്ഞു. തെളിവെടുപ്പിനിടെ ആളുകൾ കൂടിയതോടെ 20 മിനിറ്റിനകം പൊലീസ് അവസാനിപ്പിച്ചു. പ്രതികളെ മടക്കിക്കൊണ്ടുപോയ ശേഷം പതിനൊന്ന് മണിയോടെയാണ് പുഴയിലെ തിരച്ചിൽ തുടങ്ങിയത്. മലപ്പുറത്തുനിന്നുള്ള ശാസ്ത്രീയ പരിശോധന സംഘവുമുണ്ട്.

പാലം അടുത്തിടെ വെള്ളപൂശിയതിനാൽ മൃതദേഹം തട്ടിയെന്ന് പറയുന്ന ഭാഗത്ത് അടയാളങ്ങൾ കാണാനായില്ല. തൂണുകൾക്ക് ചുറ്റും കരിങ്കല്ലുകൊണ്ട് സംരക്ഷണം തീർത്തിട്ടുണ്ട്. ഇവിടെ കല്ലുകൾക്കിടയിൽ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ തങ്ങി നിൽപ്പുണ്ടോയെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇടക്കുള്ള മഴ കാരണം വൈകീട്ട് മൂന്നരയോടെ ആദ‍്യദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ശനിയാഴ്ച നേവിയുടെ സഹായത്തോടെ വീണ്ടും തിരച്ചിൽ തുടരും. കൊച്ചിയിൽനിന്നുള്ള നേവി സംഘം നിലമ്പൂർ ആംഡ് ബറ്റാലിയൻ ക‍്യാമ്പിലെത്തിയിട്ടുണ്ട്.

Tags:    
News Summary - Murder of nattu vaidyan: The search for the body part starts in Chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.