മഞ്ചേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് വിവിധ വകുപ്പുകളിലായി 97 വര്‍ഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 52കാരനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴയടക്കുന്നപക്ഷം പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി. കൂടാതെ, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.
2024 മാർച്ച് 31ന് വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിക്കുന്ന വീട്ടിലെത്തിച്ച് അതിജീവിതയെ പീഡിപ്പിച്ചെന്നാണ് കേസ്. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ കെ. രാജന്‍ബാബു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അസി. സബ് ഇന്‍സ്പെക്ടര്‍ ടി. പ്രഭ കേസന്വേഷണത്തില്‍ സഹായിച്ചു. 17 സാക്ഷികളെ വിസ്തരിച്ചു.
27 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എൻ. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെൻട്രൽ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.