ഡെറാഡൂൺ: ഉത്തരാഖണ്ഡ് പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി തർക്കം ഉണ്ടായതിനെ തുടർന്ന് മക്കളുൾപ്പടെ കുടുംബത്തിലെ അഞ്ചുപേരെ യുവാവ് കുത്തിക്കൊന്നു. റാണി പോഖ്രി സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിൽ മഹേഷ് തിവാരി എന്നയാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. മഹേഷിന്‍റെ മാതാവ് ബീതൻ ദേവി, ഭാര്യ നീതു ദേവി, മക്കളായ അപർണ, സ്വർണ, അന്നപൂർണ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിവാരി തൊഴിയിൽ രഹിതനായിരുന്നെന്നും മൂത്ത സഹോദരനായ ഉമേഷ് മാസം തോറും അയക്കുന്ന ശമ്പളം കൊണ്ടാണ് കുടുംബത്തിലെ ചെലവുകൾ കഴിഞ്ഞിരുന്നതെന്നും പൊലീസ് അറിയിച്ചു. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ഇയാൾ സദാ സമയവും പൂജാധികർമങ്ങളിൽ ഏർപ്പെടുകയായിരുന്നു. ജോലിക്ക് പോകാത്തതിനെ ചൊല്ലി മഹേഷും ഭാര്യയും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെയോടെ ഇതുസംബന്ധിച്ച് ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. പൂജ ചെയ്യുന്നത് നിർത്തി പ്രഭാത ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കാൻ മഹേഷിനോട് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെ തർക്കം രൂക്ഷമായി. പ്രകോപിതനായ മഹേഷ് കത്തികൊണ്ട് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് മക്കളെയും അമ്മയേയും ഇയാൾ കൊലപ്പെടുത്തി. അമ്മ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വീടടച്ചുപൂട്ടി അകത്തുതന്നെ കഴിയുകയായിരുന്നു. സഹായത്തിനായുള്ള വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.