ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺഷുഗറുമായി അറസ്റ്റിൽ

കോഴിക്കോട്: ചില്ലറ വിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 42 ഗ്രാം ബ്രൗൺ ഷുഗറുമായി മധ്യവയസ്കൻ അറസ്റ്റിൽ. കുണ്ടുങ്ങൽ സി.എൻ പടന്ന സ്വദേശിയും മെഡിക്കൽ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്.

രണ്ടുവർഷം മുമ്പ് ഇരിങ്ങാടൻ പള്ളിയിലെ മുറിയിൽനിന്ന് ബ്രൗൺഷുഗർ കൂടുതലായി ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണിയാൾ. പല സ്ഥലങ്ങളിൽ വാടകക്ക് താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നു.

സിറ്റി പൊലീസ് മേധാവി എ. അക്ബറിന്‍റെ നിർദേശപ്രകാരം ലഹരിക്കെതിരായ സ്പെഷ്യൽ ഡ്രൈവ് നടക്കവെ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിൽ കസബ എസ്.ഐ ശ്രീജിത്തും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ചാലപ്പുറത്തുനിന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മുംബൈയിൽനിന്ന് ഗ്രാമിന് 1,700 രൂപക്ക് വാങ്ങി 18,000 മുതൽ 22,000 രൂപ വരെ വിലയിട്ടാണ് ബ്രൗൺഷുഗർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾ സജീവമാവുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാസ ലഹരിക്കെതിരെ ആന്‍റി നാർക്കോട്ടിക് സ്ക്വാഡ് കർശന നടപടി സ്വീകരിച്ചുവരുകയാണെന്നും അസി. കമീഷണർ ജയകുമാർ അറിയിച്ചു.

പ്രതിയെ ചോദ്യംചെയ്തപ്പോൾ ലഹരിമരുന്നിന്‍റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളികൾക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൻസാഫ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, അംഗങ്ങളായ എ.എസ്.ഐ മനോജ്, കെ. അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയത്ത്, ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജേഷ്, എം. ബനീഷ്, ടി.കെ. വിഷ്ണുപ്രഭ, സൈബർ സെല്ലിലെ രൂപേഷ്, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - man Arrested with lakhs worth of brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.