മഹാദേവ് ബെറ്റിങ് ആപ്പ് സജീവം; 94,400 കോടിയുടെ അനധികൃത വരുമാനം

ന്യൂഡൽഹി/റായ്പുർ: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പും അനുബന്ധ വെബ്സൈറ്റുകളും കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 94,400 കോടി രൂപയുടെ കുറ്റകൃത്യ വരുമാനം നേടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റായ്പുർ കോടതിയെ അറിയിച്ചു. പ്രധാന ആപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും വലിയ തോതിൽ ബെറ്റിങ് പാനലുകൾ സജീവമാണെന്നും ഇ.ഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റായ്പുരിലെ പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) കോടതിയിൽ സമർപ്പിച്ച ആറാമത്തെ കുറ്റപത്രത്തിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. 42 വ്യക്തികളെയും കമ്പനികളെയും പ്രതികളാക്കിയിട്ടുണ്ട്.

2019 മുതൽ ഏഴുവർഷത്തിനിടെ മഹാദേവ് ആപ്പ് 75,000 മുതൽ 80,000 കോടി വരെ കുറ്റകൃത്യ വരുമാനം നേടിയെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. മഹാദേവിന്റെ അനുബന്ധ സൈറ്റുകളായ സ്കൈ എക്സ്ചേഞ്ച് 11,000-12,000 കോടിയും ലോട്ടസ് 365 ഏകദേശം 2,400 കോടിയും അനധികൃത വരുമാനം നേടി. കണക്കുകൾ പ്രാഥമികമാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചാൽ കണക്കിൽ മാറ്റമുണ്ടാകാമെന്നും ഏജൻസി കോടതിയെ അറിയിച്ചു.

വിദേശത്ത് പ്രവർത്തിക്കുന്ന അനധികൃത ബെറ്റിങ് വെബ്സൈറ്റുകളുടെ കൂട്ടായ സംവിധാനമാണ് മഹാദേവ് ആപ്പെന്നാണ് ഇ.ഡി പറയുന്നത്. വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ, ഫേസ്ബുക്ക് പേജുകൾ തുടങ്ങിയവയിലൂടെ സൈറ്റുകൾ പ്രചരിപ്പിച്ചാണ് ആയിരക്കണക്കിന് യുവാക്കളെ ബെറ്റിങ്ങിലേക്ക് ആകർഷിച്ചത്. ക്രിക്കറ്റ്, ഫുട്ബാൾ, ടെന്നിസ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം പോക്കർ, ടീൻ പത്തി, ഡ്രാഗൺ ടൈഗർ, വെർച്വൽ ക്രിക്കറ്റ് തുടങ്ങിയ ഗെയിമുകളിലും ബെറ്റിങ് സൗകര്യം നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പന്തയം വെക്കാനുള്ള സംവിധാനങ്ങളുമുണ്ടായിരുന്നതായി ഏജൻസി കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി 190 ഇടങ്ങളിൽ പരിശോധന നടത്തി. 2,104 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയോ കണ്ടുകെട്ടുകയോ ചെയ്തു. ആറ് കുറ്റപത്രങ്ങളിലായി 116 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Mahadev Betting App Active; Illegal Revenue Reaches 94,400 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.