സിദ്ധാബ് ഗാമിദംഗ
ബലാത്സംഗ കേസ് പ്രതിയെ ഒഡിഷയിൽനിന്ന് പിടികൂടി കൊച്ചി പൊലീസ്
കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയെ കൊച്ചി സിറ്റി പൊലീസ് ഒഡിഷയിലെ മാവോയിസ്റ്റ് മേഖലയിലെത്തി അതിസാഹസികമായി പിടികൂടി. ഒഡീഷ രായഗഡ ചന്ദ്രപൂർ സ്വദേശി സിദ്ധാബ് ഗാമിദംഗ(24)യെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്വന്തം നാട്ടിലെത്തി അറസ്റ്റ് ചെയ്തത്.
2024 മുതൽ പ്രതി പരാതിക്കാരിയുമായി പരിചയത്തിൽ ആയിരുന്നു. പിന്നീട് കലൂരിലും മറ്റുമായി ബലാത്സംഗത്തിനിരിയാക്കുകയും പരാതിക്കാരിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഫോട്ടോ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.
ഇതറിഞ്ഞ പ്രതി ഒഡീഷയിലേക്ക് രക്ഷപ്പെടുകയും ചന്ദ്രപൂർ ഗ്രാമത്തിൽ മറ്റൊരു വിവാഹം കഴിച്ച് ജീവിച്ച് വരികയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പൊലീസ് ലോജിഗുഡ എന്ന സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ആർക്കും ഇയാളെ കുറിച്ചറിയില്ലായിരുന്നു. പിന്നീട് ഗ്രാമമുഖ്യൻ വഴി അന്വേഷണം തുടർന്നു. എന്നാൽ പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ പ്രതി ഫോൺ സ്വിച്ചോഫ് ചെയ്തു.
അന്വേഷണത്തിൽ മറ്റൊരു നമ്പർ ലഭിക്കുകയും ഇതിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു. പുറമേ നിന്നും പൊലീസ് ഗ്രാമത്തിൽ വന്നതറിഞ്ഞ് ഗ്രാമവാസികൾ പൊലീസിനെ വളഞ്ഞെങ്കിലും ഒഡീഷ പൊലീസിനെ വിളിച്ചുവരുത്തി, പ്രതി ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് ഗ്രാമവാസികളെ ധരിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ഈ ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടുകയെന്നത് ഏറെ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രതിയെ അവിടുത്തെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻറ് വാങ്ങി കേരളത്തിൽ എത്തിക്കുകയായിരുന്നു. എറണാകുളം നോർത്ത് എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായാ സുമേഷ്, പ്രദീപ് , സി.പി.ഒ നിഷീദ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.