കുടുംബപ്പേര് നിലനിർത്താൻ ആൺ സന്തതികൾ ഇല്ല, എട്ടുമായം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമായ ആൺകുഞ്ഞിനെ ശനിയാഴ്ച അലിഗഢിനടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഡൽഹി പൊലീസ് സുരക്ഷിതമായി കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ കണ്ടെത്താനായെന്നും തട്ടിക്കൊണ്ടുപോകലിലും കടത്തലിലും പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറായ ഋഷിപാൽ (40), കർഷകനായ ചത്രു (50), ഭാര്യ കുസ്മ (45) എന്നിവരാണ് പിടിയിലായ പ്രതികൾ. കുടുംബപ്പേരും സ്വത്തും കൈമാറാൻ ഒരാൺകുട്ടി വേണമെന്ന ആഗ്രഹത്താലാണ് ഈ ദമ്പതികൾ ആൺകുഞ്ഞിനെ തരപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ഇ-റിക്ഷാ ഡ്രൈവറായ കുഞ്ഞിന്റെ അമ്മ വെള്ളിയാഴ്ച വീട്ടിൽ നിന്ന് മകനെ കാണാനില്ലെന്ന് പരാതി നൽകിയതിനെത്തുടർന്ന് മണ്ഡാവലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസമയത്ത് കുഞ്ഞ് പരിചാരകയോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 11.30-ഓടെ ഗണേഷ് നഗറിൽ ചില സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് അപരിചിതനായ ഒരാളെ കണ്ടുമുട്ടിയതെന്നും അയാൾ കുഞ്ഞിനെ കൊണ്ടുപോയെന്നുമാണ് ചോദ്യം ചെയ്യലിൽ പരിചാരക പൊലീസിനോട് പറഞ്ഞത്.

"ഞങ്ങൾ നിരവധി കടക്കാരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സാങ്കേതിക അന്വേഷണത്തിന്റെയും പ്രാദേശിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കുഞ്ഞിന്റെ നീക്കങ്ങൾ പിന്തുടരുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഒരു സ്ത്രീ കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചു," ഈസ്റ്റ് ഡിസിപി രാജീവ് കുമാർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ കുഞ്ഞുമായി കടന്നുകളയുന്ന ഒരാളെയും കണ്ടെത്തി. അക്ഷർധാമിന് സമീപത്തേക്ക് നീങ്ങിയ ഇയാളുടെ വാഹനത്തിന്റെ പാത പിന്തുടർന്നതാണ് ഋഷിപാലിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

ബന്ധുവായ ചത്രുവിന് ഋഷിപാൽ കുഞ്ഞിനെ കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ മൂന്ന് പെൺമക്കളുള്ള ചത്രുവും കുസ്മയും ഒരു വർഷം മുൻപ് തന്നെ ഒരാൺകുഞ്ഞിനെ തരപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. വാഹനത്തോടൊപ്പം ഋഷിപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് അലിഗഢിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാജിദ്പൂർ ഗ്രാമത്തിൽ കുഞ്ഞുണ്ടെന്ന വിവരം ലഭിച്ചതും കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതും. 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെയും പിടികൂടാനായതായി ഡിസിപി അറിയിച്ചു.

Tags:    
News Summary - Three arrested for kidnapping an eight month old infant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.