മയ്യിൽ: കടൂർ പാടിയില്ലം അയ്യലത്ത് മുത്തപ്പൻ ക്ഷേത്രത്തിനുസമീപം വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. റിട്ട. നേവി ഉദ്യോഗസ്ഥനും തിരുവനന്തപുരം സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ വി.പി. സജിത്തിന്റെ 'കാർത്തിക' എന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒരാഴ്ചയായി വീട്ടിൽ ആളുണ്ടായിരുന്നില്ല. സജിത്തിന്റെ ഭാര്യയും ഇരിട്ടി ഹൈസ്കൂൾ അധ്യാപികയുമായ എൻ.വി. ഷീബ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. ഇവർ ഒരാഴ്ചയായി പുന്നാട്ടെ സ്വന്തം വീട്ടിലായിരുന്നു. ഏക മകൾ കോഴിക്കോട്ട് പഠിക്കുകയാണ്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ട നിലയിലാണുള്ളത്. മതിൽ ചാടിക്കടന്ന് മുൻഭാഗത്തെ വാതിൽ കമ്പിപ്പാരകൊണ്ട് ഇളക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ട് കിടപ്പുമുറികളിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. വീടിന്റെ താഴത്തെ നിലയിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.
മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ പി.കെ.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കണ്ണൂരിൽനിന്നെത്തിയ പൊലീസ് നായ് ഒരു കിലോമീറ്റർ ദൂരെയുള്ള നിരന്തോട് കവലവരെ മണത്തുചെന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. വിരലടയാളം കേന്ദ്രീകരിച്ചും സമീപങ്ങളിലെ കാമറകൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.