പാലക്കാട് മലയോര മേഖലയിൽ വൻകഞ്ചാവ് വേട്ട

പാലക്കാടി​െൻറ മലയോര മേഖലയിൽ വൻകഞ്ചാവ് വേട്ട. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ, പാടവയൽ വില്ലേജിൽ, മേലെ ഭൂതയാർ ഊരിൽ നിന്നും ആറു കിലോമീറ്റർ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികിൽ നിന്നും രണ്ടു പ്ലോട്ടുകളിൽ നിന്നായി ഉദ്ദേശം മൂന്നുമാസം പ്രായമായ 209 കഞ്ചാവ് ചെടികളും, ഉദ്ദേശം ഒരു മാസം പ്രായമായ 1234 കഞ്ചാവ് ചെടികളും അടക്കം 1443 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഇവ സ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. പാലക്കാട്‌ ഐ.ബി പാർട്ടിയും, മണ്ണാർക്കാട് സർക്കിൾ പാർട്ടിയും, അഗളി റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരി​ശോധന നടത്തിയത്.

പാലക്കാട് ഇ.ഐ. ആൻഡ് ഐ.ബിയിലെ പ്രിവെന്റീവ് ഓഫീസർ ആർ.എസ്. സുരേഷിന് ലഭിച്ച രഹസ്യ വിവരമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഈ വിവരം പാലക്കാട് ഐ.ബി. ഇൻസ്പെക്ടറായ എൻ. നൗഫലിനു കൈമാറി. തുടർന്ന് ദിവസങ്ങളോളം നീണ്ട നിരീക്ഷണവും, വിവരശേഖരണവും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വ്യാപക കഞ്ചാവ് കണ്ടെത്തിയത്. സംസ്ഥാനത്ത് എക്സൈസ് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധ ശക്തിപ്പെടുത്തിയതിൻ്റെ ഫലമായി അന്യസംസ്ഥാനത്ത് നിന്നും കഞ്ചാവിന്റെ വരവ് ഗണ്യമായി കുറഞ്ഞിരിക്കയാണ്. എന്നാൽ, ആവശ്യക്കാർക്ക് കഞ്ചാവ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മലയോര മേഖലകളിലെ ഊരുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുടരന്വേഷണത്തിനു ശേഷം മാത്രമേ ഇത്തരത്തിൽ വ്യാപകമായി കഞ്ചാവ് കൃഷീ നടത്തിയവരെപ്പറ്റി കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

പരിശോധനാ സംഘത്തിൽ മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബി. ആദർശ്, പാലക്കാട്‌ ഇ.​ഐ. ആൻഡ് ഐ.ബി ഇൻസ്‌പെക്ടർ എൻ. നൗഫൽ, ഐ.ബിയിലെ പ്രിവെന്റ്റീവ് ഓഫീസർമാരായ ആർ.എസ്. സുരേഷ്, ടി.ആർ. വിശ്വകുമാർ, വി.ആർ. സുനിൽകുമാർ, അഗളി റേഞ്ചിലെ പ്രിവെന്റ്റീവ് ഓഫീസർ ജെ.ആർ. അജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ എൽ. കൃഷ്ണൂർത്തി, എ.കെ. രജീഷ്, ഡ്രൈവർമാരായ വി. ജയപ്രകാശ്, എൻ.ആർ. അനിരുദ്ധൻ, ടി.എസ്. ഷാജിർ എന്നിവരുണ്ടായിരുന്നു.

Tags:    
News Summary - ganja hunting in the hilly area of ​​Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.