റിട്ടയേർഡ് അധ്യാപികയുടെ ക്രൂരത; നവരാത്രി ആഘോഷത്തിന് എത്തിയ കുട്ടികളെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'കന്യാഭോജ്' ചടങ്ങിനെത്തിയ ഏഴ് കുട്ടികളെ റിട്ടയേർഡ് അധ്യാപിക ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. എം.ഐ.ജി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനിത എന്ന റിട്ടയേർഡ് അധ്യാപികയാണ് എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെ ആക്രമിച്ചതും മുറിക്കുള്ളിൽ തടഞ്ഞുവെച്ചതും.

ചടങ്ങിനിടയിൽ 500 അടങ്ങിയ ഒരു കവർ കാണാതായതിനെ തുടർന്നാണ് കുട്ടികൾക്കെതിരെ കടുത്ത ആരോപണവുമായി അധ്യാപിക രംഗത്തെത്തിയത്. പണം മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ വീട്ടിൽ നിന്ന് പുറത്തുവിടാതെ പൂട്ടിയിടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് ഒരു കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ അക്രമിയായ അധ്യാപികയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം തടഞ്ഞുവെക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ നഗ്നരാക്കിയെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും എഫ്.ഐ.ആറിൽ അത്തരത്തിലുള്ള ആരോപണങ്ങൾ ഒന്നുമില്ലെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് രാജേഷ് ദണ്ഡോതിയ വ്യക്തമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - Children who came to Navratri celebrations were beaten up on the charge of stealing Rs 500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.