ജമീല, അബ്ദുല്ല
വടക്കേക്കാട് (തൃശൂർ): വടക്കേക്കാട്ട് വയോധിക ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കാണാതായ പേരമകൻ മുന്ന എന്ന അഗ് മലിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു വീട്ടിൽ താമസിക്കുന്ന മകന് നൗഷാദ് പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് സംഭവമറിയുന്നത്. വീട് പൂട്ടിയതായി കണ്ട് മകൻ വിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന് ജനൽ വഴി ഉള്ളിൽനിന്ന് കുറ്റി നീക്കിയാണ് അകത്തുകയറിയത്. ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു ഉള്ളിൽ. ജമീലയുടെ അറുത്തെടുത്ത തല മുകളിലേക്കുള്ള കോണിക്ക് സമീപം കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരെയും വടക്കേക്കാട് പൊലീസിനെയും അറിയിച്ചു. പിന്നീടുള്ള തിരച്ചിലിലാണ് മറ്റൊരു മുറിയിൽ അബ്ദുല്ല കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിലും മറ്റൊരു മുറിയിൽ ജമീലയുടെ ഉടലും കണ്ടത്.
തുടർന്ന് അഗ്മലിനെ അന്വേഷിച്ചെങ്കിലും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കുശേഷം പിടികൂടിയത്. കഴുത്തറുക്കാൻ ഉപയോഗിച്ച ആയുധം ചോര പുരണ്ട നിലയിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകള്‍ നിമിതയുടെ മകനായ അഗ്മൽ മയക്കുമരുന്നിന് അടിമയാണ്. ഇതിന്റെ ഭാഗമായി വീട്ടിൽ പലപ്പോഴും വഴക്കുണ്ടാക്കാറുണ്ട്.
മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് മാനസികനില തെറ്റിയതിനാൽ അഗ്മൽ തിരൂരിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനായിരുന്നു. നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണിയാൾ. വിവാഹമോചനത്തെത്തുടർന്ന് നിമിത മറ്റൊരു വിവാഹം കഴിച്ച് കൊല്ലത്താണ് താമസം. അഗ്മല്, അബ്ദുല്ലയുടെയും ജമീലയുടെയും ഒപ്പമാണ് താമസിക്കുന്നത്. സംഭവമറിഞ്ഞ് ജില്ല പൊലീസ് മേധാവി അങ്കിത് അശോകൻ, ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ്, എൻ.കെ. അക്ബർ എം.എൽ.എ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് പനങ്ങാവിൽ, ശ്രീധരൻ മാക്കാലിക്കൽ, റഷീദ് തുടങ്ങിയവർ സ്ഥലത്തെത്തി.
വിരലടയാള വിദഗ്ധൻ യു. രാംദാസ്, സയന്റിഫിക് ഓഫിസർ ബി. മഹേഷ് എന്നിവരും പരിശോധനക്കെത്തി. മൃതദേഹങ്ങൾ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: നിമിത, നിഷിത, നൗഷാദ്. നൗഷാദ് കഴിഞ്ഞദിവസമാണ് ഗൾഫിൽ നിന്നെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.