അൽഷിമേഴ്‌സ് രോഗിയായ വയോധികന്റെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ കവർന്ന ഡ്രൈവർ പിടിയിൽ

ന്യൂഡൽഹി: അൽഷിമേഴ്‌സ് രോഗിയായ വയോധികന്റെ ഓർമക്കുറവ് മുതലെടുത്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ഡ്രൈവർ അറസ്റ്റിൽ. ഡൽഹി മന്ദോലി സ്വദേശി ദേവീന്ദർ (39) ആണ് സെൻട്രൽ ഡൽഹി പൊലീസിന്റെ പിടിയിലായത്. 15 വർഷമായി കുടുംബത്തിലെ വിശ്വസ്തനായിരുന്ന ഡ്രൈവർ, യു.പി.ഐ വഴി 2.57 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കഠിനമായ ഓർമക്കുറവ് നേരിടുന്ന വയോധികന്റെ ഫോൺ രഹസ്യമായി കൈക്കലാക്കിയാണ് ദേവീന്ദർ പണം തട്ടിയത്. ഏപ്രിൽ 4 മുതൽ ഏപ്രിൽ 15 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പലപ്പോഴായി തന്റെ സഹായികളുടെ അക്കൗണ്ടുകളിലേക്ക് ഇയാൾ പണം മാറ്റുകയായിരുന്നു. വയോധികൻ ഒന്നും ഓർക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതി ഈ ക്രൂരത നടത്തിയത്.

അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം വയോധികന്റെ മകൻ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അജ്ഞാതരായ സൈബർ തട്ടിപ്പുകാർ പണം തട്ടിയതാണെന്ന് കരുതി കുടുംബം ഹെൽപ്‌ലൈനിൽ പരാതി നൽകി. എന്നാൽ, പൊലീസിന്റെ സൈബർ വിങ്ങും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ ഡിജിറ്റൽ പരിശോധനയിലാണ് പ്രതി വീട്ടിലെ തന്നെ വിശ്വസ്തനായ ദേവീന്ദറാണെന്ന് കണ്ടെത്തിയത്.

പണം തട്ടിയതിന് പിന്നാലെ മേയ് അഞ്ചിന് ഇയാൾ പെട്ടെന്ന് ജോലി ഉപേക്ഷിച്ച് ഒളിവിൽ പോയിരുന്നു. പൊലീസിന്റെ സാങ്കേതിക നിരീക്ഷണത്തിലൂടെ പ്രതി ജി.ടി.ബി നഗറിലുണ്ടെന്ന് കണ്ടെത്തുകയും മേയ് എട്ടിന് പിടികൂടുകയുമായിരുന്നു. വർഷങ്ങളായുള്ള വിശ്വാസം മുതലെടുത്താണ് താൻ മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Driver arrested for stealing lakhs from Alzheimer's patient's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.