ബീച്ചിൽ സമുദ്ര ഓഡിറ്റോറിയത്തിന് സമീപം അതിഥി തൊഴിലാളിയുടെ മൃതദേഹം കിടന്ന സ്ഥലം വെള്ളയിൽ പൊലീസ്
പരിശോധിക്കുന്നു
കോഴിക്കോട്: അടിപിടിയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതെയ് സാമദർ (48) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചത്.
ഒപ്പം ജോലിചെയ്യുന്ന സുഹൃത്ത് പശ്ചിമ ബംഗാൾ സ്വദേശി ശ്യാമൽ ബാരെയെയാണ് (54) വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപത്തെ മറൈൻ അക്വാറിയത്തിന് എതിർഭാഗത്ത് കടപ്പുറത്ത് ഭിത്തികെട്ടുന്ന ജോലിയായിരുന്നു ഇരുവർക്കും. ഇവിടെത്തന്നെയുള്ള താൽകാലിക ഷെഡിലാണ് ഇരുവരും താമസിച്ചത്.
ഞായറാഴ്ച നിതെയ് സാമദറിനെ ഗുരുതര പരിക്കുകളോടെ ആദ്യം ബീച്ച് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജോലിക്കിടെ പരിക്കുപറ്റി എന്നാണ് ആശുപത്രിയിൽ അറിയിച്ചത്. മരണത്തിനുപിന്നാലെ നടന്ന പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ തലക്ക് മൂർച്ചയുള്ള ആയുധം കൊണ്ട് ഗുരുതര പരിക്കേറ്റിരുന്നുവെന്നും വയറിന് ശക്തമായി ചവിട്ടേറ്റിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതും ഒപ്പമുള്ളയാൾ അറസ്റ്റിലായതും. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.