കെ.ജി വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച് മൂന്നാം ക്ലാസുകാരൻ; ഹരിയാന സ്കൂളിൽ നടുക്കുന്ന സംഭവം
ചണ്ഡീഗഢ്: ഹരിയാനയിൽ സഹപാഠിയുടെ ക്രൂരമായ മർദനത്തിൽ കെ.ജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. മൂന്നാം ക്ലാസ് വിദ്യാർഥി പെൺകുട്ടിയെ കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഹരിയാനയിലെ പഞ്ച്കുളയിലെ സംസ്കൃതി മോഡൽ സ്കൂളിലാണ് സംഭവം.
സ്കൂളിലെ ഒന്നാം നിലയിൽ വെച്ചാണ് കുട്ടിക്കുനേരെ ആക്രമണമുണ്ടായത്. മൂന്നാം ക്ലാസ് വിദ്യാർഥി അച്ഛനെ കാണിച്ച് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് കൊണ്ടുപോകുകയായിരുന്നു. ഒന്നാം നിലയിൽ എത്തിയതിന് പിന്നാലെ വിദ്യാർഥി പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. വിദ്യാർഥിനിയെ ആദ്യം കല്ല് കൊണ്ട് ആക്രമിച്ച ആൺകുട്ടി പിന്നീട് ചെടിച്ചട്ടി കൊണ്ട് തലക്കടിച്ചു. തുടർന്ന് പെൺകുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലെത്തിച്ച് തലയിൽ പല തവണ ഇടിച്ചെന്നുമാണ് വിവരം. പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടതിന്റെ ശേഷവും ആക്രമണം തുടർന്നതായും മുടിയിൽ പിടിച്ച് സ്കൂൾ പരിസരത്ത് കൂടി വലിച്ചിഴച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഉടനെ തന്നെ സെക്ടർ 6ലെ സിവിൽ ആശുപത്രിയിൽ പ്രവേശിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം പെൺകുട്ടിയെ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കുന്നതിന് ലോക്കൽ പൊലീസ് സ്കൂൾ മാനേജ്മെന്റിനെയും പ്രതിയായ കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.