തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ റോസമ്മ (62) കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കണ്ടെത്തി.
പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. 2013 ജൂലൈ ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്.
ചാക്കോച്ചന്റെ വസ്തു തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവസമയം മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. കൊലക്കുശേഷം വീട്ടിൽനിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡിൽ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ.
പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്തുതയാണെങ്കിലും ഇവർ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി കണ്ടെത്തി. വയസ്സുകാലത്ത് പരസ്പരം താങ്ങായി നിൽക്കേണ്ട ഭർത്താവിനെ ഏഴുതവണ ഇരുമ്പുപൈപ്പുകൊണ്ട് തലയോട്ടി അടിച്ച് തകർത്തതിനാൽ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു.
കൃത്യത്തിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചുകൊണ്ടുപോയതും ആയുധം ഒളിപ്പിച്ചുവെച്ചതും കണ്ടെത്തിയ കോടതി പ്രതി ദയ അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി. തളിപ്പറമ്പിൽ അഡീ. സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.