പാനൂർ: ജില്ലയിൽ ബോംബുനിര്‍മാണത്തിന് ഒരു ക്ഷാമവുമില്ല. വെള്ളിയാഴ്ചയും രണ്ട് സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു.
പാനൂരിനടുത്ത് വള്ളങ്ങാട് പൊലീസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പൂട്ടി ക്കിടന്ന കടക്ക് പിൻവശത്ത് പേപ്പർ കൊണ്ട് മറച്ചുവെച്ച നിലയിലായിരുന്നു ബോംബുകൾ. പാനൂർ ഐ.പി എം.പി. ആസാദിന്റെ നിർദേശപ്രകാരമാണ് റെയ്ഡ് നടന്നത്. പാനൂർ പ്രിൻസിപ്പൽ എസ്.ഐ സി. സി. ലതീഷ്, എസ്.ഐമാരായ മനോഹരൻ, ജയദേവൻ, ബാബു ഗണേഷ്, സി.പി.ഒ പ്രജിത്ത് എന്നിവർ നേതൃത്വം നൽകി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് -ഡോഗ് സ്ക്വാഡുകളും പരിശോധനയിൽ പങ്കെടുത്തു. രാഷ്ട്രീയ അക്രമ സംഭവങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാനൂർ മേഖലയിൽ ഇല്ലെന്നത് ശുഭസൂചനയാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ പാനൂർ, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെടുക്കുന്നുണ്ട്.
കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം പാനൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിൽപെട്ട ചെണ്ടയാട് നടമ്മലില്‍ കലുങ്കിനടിയില്‍ ഉഗ്രശേഷിയുള്ള രണ്ട് പുത്തന്‍ സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. നിര്‍മാണം കഴിഞ്ഞ് വെടിമരുന്ന് ഉണങ്ങാത്ത ബോംബുകളായിരുന്നു അത്. പണിമുടക്ക് ദിവസം സ്ഥലം വൃത്തിയാക്കുന്നതിനിടെ പ്രദേശവാസികളാണ് ബോംബുകള്‍ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പ് കടവത്തൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ ആറ് നാടൻ ബോംബുകൾ പിടികൂടിയിരുന്നു. നാറോൾ പീടികയിൽ കൂളിയിൽ ലീലയുടെ ആൾതാമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയത്. അടുക്കളഭാഗത്ത് വിറകുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ആയിരുന്നു ബോംബുകൾ. വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ഇവ കണ്ടത്. കഴിഞ്ഞ ഏപ്രിൽ മാസം പൊലീസ് നടത്തിയ പരിശോധനയിൽ മൊകേരി കുനുമ്മലിൽ നിന്ന് നാല് നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. അബ്ദുൽ സമദെന്നയാളുടെ താമസമില്ലാത്ത വീടിന്റെ അടുക്കള ടെറസിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഒഴിഞ്ഞ ഐസ്ക്രീം ബാൾ ഉപയോഗിച്ച് നിർമിച്ചവയായിരുന്നു പിടികൂടിയ ബോംബുകൾ. സ്ഥലത്തുനിന്നും ചണ നൂലുകൾ, വെടിമരുന്ന് തിരി എന്നിവയും പൊലീസ് കണ്ടെത്തി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസിനെ കുഴക്കുകയാണ്. ബോംബുകൾ കണ്ടെത്തുകയല്ലാതെ അതിന്റെ ഉറവിടത്തെയോ ഉടമസ്ഥനെയോ കണ്ടെത്താനാവുന്നില്ല. പരിശോധനകളും അന്വേഷണങ്ങളും എങ്ങുമെത്തുന്നുമില്ല. ഒരു അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സമയത്ത് ആർക്ക് വേണ്ടിയാണ് ഈ ബോംബുകൾ ഉണ്ടാക്കുന്നത് എന്ന സംശയമാണ് ബാക്കിയാവുന്നത്. ബോംബുകൾ കണ്ടെടുക്കുകയും പതിവ് പരിശോധനകൾ നടത്തുന്നതിനുമപ്പുറം ഇതിന്റെ ഉറവിടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.