ദുർഗാപൂർ: ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി പൊലീസിൽ കീഴടങ്ങിയ ഭർത്താവ് റിമാൻഡിൽ. ബംഗാളിലെ ബുർദ്വാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബാങ്കിലെ അസിസ്റ്റന്‍റ് മാനേജറായ ബിപ്ലബ് പരിയാദാണ് പ്രതി. 35കാരിയായ ഇപ്സ പ്രിയദർശിനിയുമായി രണ്ടുവർഷം മുമ്പായിരുന്നു ബിപ്ലബിന്‍റെ വിവാഹം. ഒഡീഷയിലെ ദേൻകനാൽ സ്വദേശിയാണ് 33കാരിയായ പ്രിയദർശിനി. വിവാഹത്തിന് ശേഷം ഇരുവരും കാംക്ഷയിലെ ഇരുനില അപാർട്ട്മെന്റ് വാടകക്കെടുത്തായിരുന്നു താമസം.
കഴിഞ്ഞദിവസം ബിപ്ലവ് മോട്ടോർ സൈക്കിളിൽ കാംക്ഷ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരികയും പണം തികയാതെ വരികയും ചെയ്തതോടെയാണ് കൊലപാതകമെന്നായിരുന്നു ബിപ്ലവിന്‍റെ െമാഴി. ഉടൻതന്നെ ബിപ്ലവിനെയും കൂട്ടി പൊലീസ് ഇരുവരുടെയും അപാർട്ട്മെന്റിലെത്തുകയായിരുന്നു. കിടപ്പുമുറിയിൽ തറയിൽ കിടക്കുകയായിരുന്നു മൃതേദഹം. വളർത്തുമൃഗങ്ങളെ പൂട്ടിയിടുന്ന ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിപ്ലവ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. പ്രിയദർശിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
അതേസമയം സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രിയദർശിനിയുടെ മാതാപിതാക്കൾ പറഞ്ഞു. വിവാഹത്തിന് ശേഷം വീട് വാങ്ങാൻ 30ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട് പ്രിയദർശിനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു.
'സ്ത്രീധനത്തിന് പുറമെ 30ലക്ഷം രൂപ കൂടി സ്വന്തം വീട്ടുകാരിൽനിന്ന് വാങ്ങണമെന്ന ആവശ്യം പ്രിയദർശിനി നിഷേധിച്ചു. ഇതിൻറെ പകയാണ് കൊലപാതക കാരണം. മകളുടെ ജീവന് നീതി വേണം' -പ്രിയദർശിനിയുടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.