അഹ്മദാബാദ്: യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ടതായി പൊലീസ്. ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സമീർ അൻസാരി എന്ന വ്യക്തിയെയാണ് ഭാര്യ റൂബിയും കാമുകൻ ഇംറാൻ വഗേലയും ബന്ധുക്കൾ റഹീം, മൊഹ്‌സിൻ എന്നിവരും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇംറാൻ വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ റൂബി ഒളിവിലാണ്.
മൂന്ന് മാസം മുമ്പ് ബിഹാർ സ്വദേശിയായ സമീർ അൻസാരിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രി സിറ്റി ക്രൈംബ്രാഞ്ച് അഹ്മദാബാദിലെ അൻസാരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയുടെ തറയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തത്. അൻസാരിയെ കാണാതായിട്ട് ഏകദേശം ഒരു വർഷം ആയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഭാര്യ റൂബിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇംറാൻ വഗേലയുമായുള്ള വിവാഹേതര ബന്ധം അൻസാരി അറിയുകയും അതിൽ അൻസാരി റൂബിയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. തന്‍റെ ബന്ധത്തിന് തടസ്സമായി അൻസാരി നിന്നതിനാലാണ് റൂബി കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് വഗേല ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
റൂബിയുടെയും മറ്റ് രണ്ട് പേരുടെയും സഹായത്തോടെ ഇമ്രാൻ ആദ്യം അൻസാരിയെ കൊലപ്പെടുത്തി. പിന്നീട് അവർ അടുക്കളയിൽ ഒരു കുഴി കുഴിച്ച് മൃതദേഹം ഉപേക്ഷിച്ച ശേഷം സിമന്റും ടൈലുകളും കൊണ്ട് മൂടുകയായിരുന്നു. ആളുകൾ അൻസാരിയെ കുറിച്ച് അന്വേഷിക്കുമ്പോൾ ജോലിക്കായി മറ്റെവിടെയോ നഗരത്തിലേക്ക് പോയതായാണ് റൂബി പറഞ്ഞത്.
ഭർത്താവ് കൊല്ലപ്പെട്ട വീട്ടിൽ മാസങ്ങളോളം റൂബി താമസിച്ചിരുന്നു. പിന്നീട് താമസം മാറിയതായും അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും ഫോറൻസിക് വിശകലനത്തിനും ഡി.എൻ.എ പരിശോധനക്കും അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.