ബംഗളൂരു: നഴ്സിങ് ജോലി ഉപേക്ഷിക്കാൻ തയാറാകാത്തതിനെ തുടർന്ന് ദുബൈയിൽ നിന്നെത്തി ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബംഗളൂരുവിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഉള്ളാൾ റോഡിൽ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. രമേശും ഭാര്യ മഞ്ജുവുമാണ് മരിച്ചത്.
സമീപത്തെ ഒരു പ്രാദേശിക ക്ലിനിക്കൽ ജോലി ചെയ്ത് വരികയായിരുന്നു മഞ്ജു. 2022ലാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. മഞ്ജുവിന്റെ പിതാവ് ഞായറാഴ്ച ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് കഴുത്ത് അറുത്തെടുത്ത നിലയിൽ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് തന്നെ രമേശിന്റെ മൃതദേഹവുമുണ്ടായിരുന്നു.
രമേശും മഞ്ജുവും തമിഴ്നാട്ടിലെ പിന്നാലവാഡിയിലാണ് താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് ജോലി നോക്കുന്നതിനായി രമേശ് ദുബൈയിലേക്ക് പോയി. തുടർന്ന് മഞ്ജു പിതാവിനൊപ്പം താമസിക്കുന്നതിനായി ബംഗളൂരുവിലേക്ക് വരികയും നഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തത്. ഒരു മാസം മുമ്പാണ് രമേശ് ദുബൈയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഇയാൾ മഞ്ജുവിനെ തമിഴ്നാട്ടിൽ താമസിക്കാൻ നിർബന്ധിച്ചുവെന്നും ഇവർ ഇതിന് തയാറായില്ലെന്നും പൊലീസ് പറഞ്ഞു. കുറച്ചുദിവസം രമേശിനൊപ്പം താമസിച്ചതിന് ശേഷം മഞ്ജു ബംഗളൂരുവിലേക്ക് തന്നെ മടങ്ങി. പിന്നീട് ബംഗളൂരുവിലേക്ക് ജോലി നോക്കാനായി എത്തിയ രമേശ് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.