വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ്. നിരവധിപേർ ഇത്തരക്കാരുടെ വലയിൽ വീണതായാണ് സൂചന.
ഏതെങ്കിലും മേഖലയിൽ ഉന്നത ഉദ്യോഗസ്ഥനാണെന്നും, ധനികനാണെന്നും ഒറ്റ നോട്ടത്തിൽ ധാരണ ഉണ്ടാക്കുന്ന തരത്തിലായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ വിദേശികളുടെ പേരിൽ പ്രൊഫൈലുകൾ ക്രീയേറ്റ് ചെയ്യുന്നത്. അവരുടെ റിക്വസ്റ്റ് സ്വീകരിച്ചാൽ വളരെ മാന്യമായി ഇടപഴകി നമ്മോട് അടുത്ത സൗഹൃദം സ്ഥാപിക്കും. അടുത്ത സുഹൃത്തായി അംഗീകരിച്ചു കഴിഞ്ഞെന്നു മനസ്സിലായാൽ അവരുടെ അടുത്ത നീക്കം നമ്മുടെ വിലാസത്തിൽ സമ്മാനം അയച്ചു നൽകാമെന്നോ, നമ്മളെ കാണാൻ വരാമെന്നോ ആയിരിക്കും.
വിലകൂടിയ സമ്മാനങ്ങൾ നിങ്ങളുടെ വിലാസം എഴുതി പാക്ക് ചെയ്യുന്ന ഫോട്ടോകൾ വരെ അവർ നിങ്ങൾക്ക് അയച്ചു തന്നേക്കാം. തട്ടിപ്പ് ആരംഭിക്കുന്നത് പിന്നെയാണ്. സമ്മാനം നമ്മുടെ വിലാസത്തിൽ എത്താനുള്ള സമയം ആകുമ്പോൾ ഡൽഹി കസ്റ്റംസ് ഓഫീസർ എന്ന രീതിയിൽ നിങ്ങളുടെ ഫോണിലേക്ക് ഒരു കാൾ വരും. നിങ്ങളുടെ പേരിൽ നികുതി അടക്കാതെ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ കസ്റ്റംസ് പിടിച്ചിട്ടുണെന്നും, ഉടൻ നികുതി തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകി സാധനങ്ങൾ കൈപ്പറ്റണം എന്നൊക്കെയായിരിക്കും ഫോണിൽ നിങ്ങളോട് ആവശ്യപ്പെടുക. അതിൽ വീണാൽ നിങ്ങളുടെ പണം നഷ്ടമാകും എന്നല്ലാതെ മറ്റൊരു മെച്ചവും ഉണ്ടാകില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ എന്നാണ് ഓൺലൈൻ കുറിപ്പിൽ പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.