മുംബൈ: നിയമ ബിരുദമില്ലാതെ വക്കീൽ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 72കാരിയെ പൊലീസ് അറസ്റ്റുചെയ്തു. പാലി ഹിൽ സ്വദേശിയായ റബേക്ക മൊർദെകായാണ് അറസ്റ്റിലായത്. നിയമ ബിരുദമോ അനുബന്ധ ലൈസൻസുകളോ ഇല്ലാതെ ബാന്ദ്ര കുംടുംബകോടതിയിൽ ഏഴുവർഷമായി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു.
ജൂൺ ഒമ്പതിനാണ് പൊലീസ് റബേക്കക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിയമ ബിരുദവും ലൈസൻസുകളുമില്ലാതെയാണ് റബേക്ക കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതെന്ന് മനസിലായതോടെ അഭിഭാഷകനായ അക്ബർ ഖാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2015ൽ മൂന്ന് തവണയും 2021ൽ രണ്ട് തവണയും അവർ കുടുംബ കോടതിയിൽ അഭിഭാഷകയായി ഹാജരായിട്ടുണ്ട്. മറ്റൊരാളുടെ 'സനദ്' കാർഡ് ഉപയോഗിച്ചാണ് ഇവർ ആൾമാറാട്ടം നടത്തിയത്.
ആൾമാറാട്ടം നടത്തി ജനങ്ങളേയും ജുഡീഷ്യറിയെയും വഞ്ചിച്ചതായി ചൂണ്ടിക്കാട്ടി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് കോടതി റബേക്കയെ സെപ്റ്റംബർ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇവരെ വ്യാജരേഖ ഉണ്ടാക്കാൻ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.