?????? ???????????????? ????? ??????????????????

പ്രവാസഭൂമിയില്‍ നാടകത്തിന്‍െറ കാര്‍ണിവല്‍

നാടകം നിലക്കാത്ത അഭിനിവേശമായ മലയാളി പ്രവാസികളുടെ ഇടമാണ് ബഹ്റൈന്‍. വര്‍ഷത്തിലുടനീളം നടക്കുന്ന ചെറുതും വലുതുമായ നാടകങ്ങളുമായി സഹകരിക്കാത്ത മലയാളി സാംസ്കാരിക പ്രവര്‍ത്തകര്‍ ഇവിടെ കുറവാണ്. സംഗീത നാടക അക്കാദമി ജി.സി.സി രാജ്യങ്ങള്‍ക്കായി നടത്തുന്ന നാടക മത്സരങ്ങളിലും ബഹ്റൈന്‍ സജീവ സാന്നിധ്യമാണ്. കേരളീയ സമാജത്തെ ചുറ്റിപ്പറ്റിയാണ് ഒട്ടുമിക്ക നാടകങ്ങളും ഇവിടെ അരങ്ങേറാറുള്ളത്. നാടക ക്യാമ്പുകള്‍, ഏകാങ്ക നാടകങ്ങള്‍, പ്രഫഷനല്‍ സ്വഭാവമുള്ള നാടകങ്ങള്‍ എന്നിവയും നടക്കാറുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ നാടകാനുഭവമായിരുന്നു കഴിഞ്ഞമാസം ‘ബഹ്റൈന്‍ പ്രതിഭ’ എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന മുഴുനീള നാടകദിനം. 
കേരളീയ സമാജത്തില്‍ ‘പ്രതിഭ’ നടത്തിയ നാടകോത്സവത്തില്‍ ഒരൊറ്റ ദിവസം അരങ്ങേറിയത് ആറ് ലഘുനാടകങ്ങളാണ്. വെള്ളിയാഴ്ചയുടെ ആലസ്യം വിട്ട് കാലത്തുമുതല്‍ കലാസ്വാദകര്‍ സമാജം ഹാളിലേക്കൊഴുകി. എല്ലാം ഒന്നിനൊന്ന് മികച്ച നാടകങ്ങള്‍. ചിലത് സംവിധാനത്തിന്‍െറ കൈയൊതുക്കം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ മറ്റുചിലത് ശ്രദ്ധേയമായത് ദീപവിതാനത്തിലാണ്. ചിലത് സംഗീതത്തില്‍. മറ്റു ചിലത് അഭിനയമികവില്‍. 
ജനുവരി 13ന് കാലത്ത് വിജിന സന്തോഷ് എന്ന യുവതി സംവിധാനം ചെയ്ത ‘ജിനാഫറിനും പൂമ്പാറ്റയും’ എന്ന നാടകത്തോടെയാണ് പരിപാടി തുടങ്ങിയത്. സ്നേഹത്തിന് അതിര്‍വരമ്പുകളില്ളെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു റഫീഖ് മംഗലശ്ശേരി രചിച്ച ‘ജിനാഫറിനും പൂമ്പാറ്റയും. ശബ്ദക്രമീകരണത്തിലെ ചില പ്രശ്നങ്ങള്‍ നാടകത്തെ അലോസരപ്പെടുത്തിയെങ്കിലും നിഹാരിക റാം, നിവേദിത, പവിത്ര എന്നിവരുടെ  പ്രകടനം നാടകത്തെ ശ്രദ്ധേയമാക്കി. അനന്ദീത, ഐശ്വര്യ, തീര്‍ഥ, നന്ദന, സമിത, ദേവിക, വേദ, വൈഷ്ണവി, സന്മയ, ശിവാനി, അമല്‍ ഖമീസ്, ഗൗരി രാജേഷ്, അനാമിക സുരേഷ് എന്നീ കുട്ടികളുടെ അഭിനയവും മികവ് പുലര്‍ത്തി. കുട്ടികളുടെ ലോകമാണ് നാടകം അനാവരണം ചെയ്തത്. 
തുടര്‍ന്ന് പി.എം. താജിന്‍െറ പ്രശസ്ത നാടകം ‘കുടുക്ക അഥവാ വിശക്കുന്നവന്‍െറ വേദാന്തം’ മനോജ് തേജസ്വിനിയുടെ സംവിധാനത്തില്‍ അരങ്ങേറി. മലയാള നാടകവേദി വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന ‘കുടുക്ക’ക്ക് കാലികമായ അവതരണം നടത്താനുള്ള ശ്രമമാണ് മനോജ് തേജസ്വിനി നടത്തിയത്. മനുഷ്യന്‍െറ ദുരാഗ്രഹങ്ങള്‍, വിശപ്പ്, ചൂഷണം തുടങ്ങിയ വിഷയങ്ങളാല്‍ ബന്ധിതമായ നാടകത്തിന്‍െറ തുടക്കത്തിലെ നൃത്തരംഗവും മറ്റും ചെറിയ രീതിയില്‍ പാളിയെങ്കിലും മൊത്തം അവതരണം നിലവാരം പുലര്‍ത്തി. തുടര്‍ന്ന്, വിനോദ് വി. ദേവന്‍െറ സംവിധാനത്തില്‍ ‘ദ്വന്ദ്വം’ എന്ന നാടകമാണ് അരങ്ങിലത്തെിയത്.  ഹീരജോസഫ്, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘തളപ്പ്’, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ‘സദ്ഗതി’, ശിവകുമാര്‍ കുളത്തുപ്പുഴയുടെ ‘ഉതുപ്പാന്‍െറ കിണര്‍’ എന്നിവയും അവതരിപ്പിച്ചു. നാടകം കാണാനത്തെിയ ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണവും ഒരുക്കിയതോടെ, ഇതൊരു നാടക കാര്‍ണിവല്‍ ആയി മാറി. 
  എല്ലാ ദിവസവും ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് നാടകത്തിന്‍െറ റിഹേഴ്സല്‍ നടന്നത്. ഇതിനായി ഒരു മാസത്തിലേറെക്കാലം ഇവര്‍ മാറ്റിവെച്ചു. അവസാനഘട്ട പരിശീലനത്തിനായി പ്രതിഭ ഓഫിസില്‍ ‘കളിമുറ്റ’മെന്ന വേദിതന്നെ സജ്ജമാക്കി. ആറ് നാടകങ്ങളിലെ നടീ നടന്മാരായും പശ്ചാത്തല സൗകര്യമൊരുക്കിയും ഏകദേശം അഞ്ഞൂറോളം പേരാണ് ഒരുമിച്ചത്. നാടകത്തിന്‍െറ ഒരുക്കങ്ങളുടെ മേല്‍നോട്ടം വഹിക്കാനും പാളിച്ചയില്ലാത്ത അവതരണം ഉറപ്പുവരുത്താനും പ്രമുഖ മലയാളി നാടക സംവിധായകന്‍ ഡോ. സാം കുട്ടി പട്ടംകരി ബഹ്റൈനിലത്തെിയിരുന്നു. പ്രവാസം ജോലിയുടെയും നാടിനെക്കുറിച്ചുള്ള ഗൃഹാതുര ഓര്‍മകളുടെയും മാത്രം കാലമല്ളെന്നും സാംസ്കാരിക ഇടപെടലുകളുടെയും കലാപ്രവര്‍ത്തനങ്ങളുടെയും കാലമാണെന്നുമുള്ള വിളംബരമായിരുന്നു പ്രതിഭ നാടകോത്സവം. 

Tags:    
News Summary - pravasa nadakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT