നഗരങ്ങളിലെ താമസയിടങ്ങളില്‍ ജൈവകൃഷി ചെയ്യുന്നത് പുതുമയല്ലാത്തവിധം ഇന്ന് വ്യാപകമായിട്ടുണ്ട്. ഗള്‍ഫ്രാജ്യങ്ങളിലും ഈ നവശീലം മലയാളികുടുംബങ്ങള്‍ക്ക് വശമായിരിക്കുന്നു. പല സാമൂഹികപ്രവര്‍ത്തകരുടെയും കൂട്ടായ്മകളുടെയും പ്രചോദനഫലമായി ജനങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായ അവബോധം പഴയ കൃഷിസംസ്കാരം തിരിച്ചുവരാന്‍ കാരണമായിട്ടുണ്ട്. പ്രകൃതി കനിഞ്ഞരുളിയ അനുകൂല കാലാവസ്ഥയിലും നാട്ടില്‍ പലരും ഇതിനോട് ഇനിയും പുറംതിരിഞ്ഞുനില്‍ക്കുമ്പോള്‍ മരുഭൂമിയുടെ പ്രതികൂല കാലാവസ്ഥയിലും കൃഷിയിറക്കി വിജയിക്കുന്നവര്‍ ഏറെയാണ്. അവരിലൊരാളാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത എളേറ്റില്‍ സ്വദേശിയായ അബ്ദുല്‍ ഷുക്കൂര്‍. പ്രവാസത്തിന്‍െറ തിരക്കേറിയ ഉത്തരവാദിത്തങ്ങളില്‍ മുഴുകുമ്പോഴും ദിനചര്യയെന്നോണം ജൈവകൃഷിക്കായി പരമാവധി സമയം നീക്കിവെച്ച് സകലപരിശ്രമങ്ങളും നടത്തി ശ്രദ്ധേയനാവുകയാണ് ഇദ്ദേഹം.
വില്ലയോടുചേര്‍ന്നുള്ള തരിശായി കിടന്ന പുരയിടത്തില്‍ കേരളത്തിന്‍െറ ഹരിതസംസ്കൃതിയെ ഓര്‍മപ്പെടുത്തുംവിധമാണ് ഷുക്കൂറിന്‍െറ കൃഷിരീതി. ഉപയോഗശൂന്യമായ മാലിന്യം വലിച്ചെറിയാതെയും പാഴാക്കിക്കളയുന്ന പ്ളാസ്റ്റിക് ബോട്ടിലുകളും കാനുകളും സംഘടിപ്പിച്ചും ജൈവവളങ്ങളും മണ്ണും ചകിരിച്ചോറും ഉപയോഗിച്ച് വളരെ ചിട്ടയോടും വൃത്തിയോടെയും ഭംഗിയോടെയുമാണ് തോട്ടമൊരുക്കിയിരിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിനുസമീപത്തെ ഇദ്ദേഹത്തിന്‍െറ വില്ലയിലെ ജൈവകൃഷിത്തോട്ടം സന്ദര്‍ശിക്കാനും കൃഷിരീതികള്‍ പഠിക്കാനും ആളുകള്‍ തേടിയത്തെുന്നതും വെറുതെയല്ല.
വിവിധതരം പച്ചക്കറികളാലും ഒൗഷധച്ചെടികളാലും പൂച്ചെടികളാലും സമ്പന്നമാക്കിയിരിക്കുകയാണ് ഷുക്കൂര്‍ തന്‍െറ വില്ലയിലെ വിശാലമായ കൃഷിയിടം. രാവിലെ ആറുമണി മുതല്‍ ജോലിക്കുപോകുന്ന സമയം വരെയും ജോലി കഴിഞ്ഞുവന്നാല്‍ രാത്രി 12 വരെയും കൃഷിപരിചരണവും പരീക്ഷണങ്ങളും തന്നെയാണ് ഷുക്കൂറിന്‍െറ ഇഷ്ടവിനോദം. അഞ്ചുവര്‍ഷം മുമ്പ് ആദ്യം താമസിച്ച വില്ലയിലാണ് ഇദ്ദേഹം കൃഷിപരീക്ഷണം തുടങ്ങിയത്. ഇതിന് പ്രചോദനമായത് ചെറുപ്പത്തില്‍ മാതാവിനെ കൃഷിരീതികളില്‍ സഹായിക്കാറുണ്ടായിരുന്നതിന്‍െറ അനുഭവവും സ്വാമി നിര്‍മലാനന്ധഗിരിയുടെയും മോഹനന്‍ വൈദ്യരുടെയും ജേക്കബ് വടക്കഞ്ചേരിയുടെയും ക്ളാസുകളുമാണെന്ന് ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പുതിയ വില്ലയിലേക്ക് താമസം മാറിയതോടെ വിശാലമായ മുറ്റം മാത്രമല്ല, വീടിനോടുചേര്‍ന്ന എല്ലാ സ്ഥലങ്ങളും കൃഷിക്കായി ഉപയോഗപ്പെടുത്തുകയാണ് ഷുക്കൂര്‍. കാലിയായ ജ്യൂസ് ടിന്നുകള്‍ മുതല്‍ ഉപയോഗശൂന്യമായ വാട്ടര്‍ കാനുകള്‍ വരെ ചെടികള്‍ നടാനുപയോഗിക്കുന്നു. അലങ്കാരത്തോടെയും വൃത്തിയോടെയും ശാസ്ത്രീയമായും തന്‍െറ കൃഷിയിടം സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ദുബൈയിലെ പ്രമുഖ തേയിലക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം.
70ല്‍പരം സസ്യയിനങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്‍െറ പരീക്ഷണത്തിലും പരിരക്ഷണയിലുമുള്ളത്. ഇതുതന്നെ തരംതിരിച്ചു നോക്കിയാല്‍ 100ലധികം വരും. വയലും വീടും കൃഷികൂട്ടായ്മയുടെ സഹായങ്ങള്‍കൂടി ഒത്തുവന്നതോടെയാണ് കൂടുതല്‍ ഇനങ്ങള്‍ കൃഷിയിറക്കാനായത്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഒൗഷധസസ്യങ്ങള്‍ക്കും പുറമെ കോഴി, താറാവ്, കാട, മുയല്‍, മത്സ്യം തുടങ്ങിയവയുമുണ്ട്. അതുകൊണ്ടുതന്നെ തോട്ടത്തില്‍നിന്ന് കിട്ടുന്ന കളകള്‍ കോഴി, താറാവ്, കാട, മുയല്‍ എന്നിവയുടെ ഭക്ഷണമായും ഇവയുടെ വിസര്‍ജ്യങ്ങള്‍ വിളകള്‍ക്കുള്ള വളത്തിലേക്കും ഉപയോഗപ്പെടുത്തുന്നു. കൃഷിയിടം കാണാനത്തെുന്നവര്‍ക്ക് പച്ചക്കറികള്‍ നല്‍കുന്ന ഷുക്കൂര്‍ വിത്തുകള്‍ സൗജന്യമായി സംഘടിപ്പിച്ചുകൊടുക്കുകയും കൃഷിയെക്കുറിച്ചുള്ള അറിവുകള്‍ പകരുകയും ചെയ്യുന്നു.
മുളക്, പീച്ചില്‍, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, ബ്രൊക്കോളി, കാബേജ്, ചുരക്ക, കോവക്ക, പാവക്ക, പയര്‍, പടവലം, മള്‍ബറി, പാലക്, ചീര, വെണ്ട, വാഴ, പപ്പായ, പരുത്തി, മാവ്, പേരക്ക, കറിവേപ്പ്, മഞ്ഞള്‍, ചേമ്പ്, ഇഞ്ചി, മധുരക്കിഴങ്ങ്, ചെറുനാരങ്ങ, ഉരുളക്കിഴങ്ങ്, ഷമാം, കുമ്പളം, മത്തന്‍, വെള്ളരി, വഴുതിന, മുരിങ്ങ, തക്കാളി, കൂസ, ലെട്ടൂസ്, ഉള്ളി, നാന, സാത്തര്‍, തണ്ണിമത്തന്‍, കൂര്‍ക്ക, മരച്ചീനി, അനാര്‍, ജര്‍ജീര്‍, കണിക്കൊന്ന, നിലക്കടല, പാഷന്‍ഫ്രൂട്ട്, അസോള, ഒൗഷധസസ്യങ്ങളില്‍പെടുന്ന എരുക്ക്, കറുക, തുളസി, ശവനാറി, നിത്യകല്യാണി, തഴുതാമ, ബ്രഹ്മി, മുത്തിള്‍, മല്ലിച്ചെപ്പ്, പൊതീന, പനിക്കൂര്‍ക്ക, ഞൊട്ടാഞൊടിയന്‍, മണിത്തക്കാളി, കറ്റാര്‍വാഴ, ഞെരിഞ്ഞില്‍, കീഴാര്‍നെല്ലി, ഉലുവ, ആനകുവ്വ, പുഷ്പങ്ങളില്‍പെടുന്ന ജാസ്മിന്‍, പനിനീര്‍, മുല്ല, ചെമ്പരത്തി മുതലായവ ഷുക്കൂറിന്‍െറ തോട്ടത്തിലുണ്ട്. ശീതകാല പച്ചക്കറികളും സാധാരണ പച്ചക്കറികളും ഒൗഷധസസ്യങ്ങളും കൂടാതെ കോഴികള്‍, മുയലുകള്‍, കാടകള്‍, താറാവുകള്‍, മീനുകള്‍ തുടങ്ങിയ ഒരു കൃഷിയിടത്തില്‍ വേണ്ടതായ ഒട്ടുമിക്ക ചേരുവകളുടെയും സംഗമഭൂമിയാക്കി മാറ്റിയിരിക്കുന്നു.
വയലും വീടും ജൈവകര്‍ഷക കൂട്ടായ്മക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ കൂട്ടായ്മയിലെ സലാം, ഷബീര്‍, റഷീദ്, സമീര്‍, ഷാനവാസ്, സദാനന്ദന്‍, സന്ദീപ്, റെജി ബിജു, ഷെറീന, സജ്ന തുടങ്ങി പലരും സഹായിക്കുന്നുണ്ട്. അല്‍റവാബി കമ്പനി നല്‍കിയ 140 കാലിബോട്ടിലുകള്‍, ഗഫൂര്‍ എന്ന വ്യക്തി നല്‍കിയ 64 വാട്ടര്‍ബോട്ടിലുകള്‍, ഹോട്ടലുകളില്‍നിന്നും ശേഖരിച്ച തൈരുബക്കറ്റുകള്‍ എന്നിങ്ങനെയാണ് ഷുക്കൂറിന്‍െറ കൃഷിപരീക്ഷണത്തിന് സഹായിക്കുന്ന വസ്തുക്കള്‍. കൂടാതെ ഉപയോഗശൂന്യമായ ടയറുകള്‍, പി.വി.സി പൈപ്പ്, ഡ്രൈയിങ് സ്റ്റാന്‍ഡ് തുടങ്ങിയവയുമുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് അന്യം നിന്നുപോയ കൃഷിനന്മകള്‍ തിരിച്ചുപിടിക്കുകയാണ് മാര്‍ഗമെന്ന്, വയലും വീടും നടത്തിയ ബെസ്റ്റ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയിയായ അബ്ദുള്‍ ഷുക്കൂര്‍ എല്ലാവരെയും ഉപദേശിക്കുന്നു. നല്ല ക്ഷമയും ശ്രമവുമുണ്ടെങ്കില്‍ ആര്‍ക്കും ജൈവകൃഷി ആരംഭിക്കാം. സ്ഥലസൗകര്യം പ്രശ്നമല്ളെന്ന് തന്‍െറ കൃഷിയിടത്തിലെ സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
ചുവന്നമണ്ണ്, ചകിരിച്ചോര്‍ (potting soil), ചാണകം എന്നിവ ചേര്‍ത്താണ് ജൈവകൃഷിതോട്ടത്തിലെ നടീല്‍മണ്ണ് ഒരുക്കിയത്. ചെടികളുടെ വളമായും വളര്‍ച്ചക്കും ആരോഗ്യത്തിനും ഉപയോഗിക്കുന്നത് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, സ്യുഡോമോണസ്, ഫിഷ് അമിനോആസിഡ്, എഗ്ഗ് അമിനോആസിഡ്, കഞ്ഞിവെള്ളം പുളിപ്പിച്ചത്, അരിയും പച്ചക്കറിയും മീനുമെല്ലാം കഴുകുന്ന വെള്ളം, അടുക്കള വേസ്റ്റ് എന്നിവയാണ്. പിന്നെ ചെടികള്‍ നനക്കാനായി അടുക്കളയില്‍നിന്നും താറാവ്, മത്സ്യവളര്‍ത്തു ടാങ്കുകളില്‍നിന്നും ഒഴിവാക്കുന്ന വെള്ളവും ഉപയോഗിക്കുന്നു. തീര്‍ത്തും ജൈവരീതിയില്‍ ഒരുക്കിയ കൃഷിത്തോട്ടം ആയതിനാല്‍തന്നെ തോട്ടത്തില്‍ ചിത്രശലഭങ്ങള്‍, തുമ്പികള്‍, തേനീച്ചകള്‍, പലതരം പ്രാണികള്‍, എന്നിവക്കുപുറമെ മണ്ണിരകളേയും ചീവീടുകളേയും ഈ കൃഷിത്തോട്ടത്തില്‍ കാണാം.
കൃഷിപ്പണികളില്‍ സഹായിക്കാന്‍ ഷുക്കൂറിന്‍െറ കുടുംബവുമുണ്ട് കൂടെ. ഇന്ത്യയിലെ പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വയലും വീടും കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2017 ജനുവരി 20ന് നടക്കുന്ന ജൈവകൃഷി വിളവെടുപ്പ് മഹോത്സവത്തിന് തയാറെടുത്തുകൊണ്ടിരിക്കയാണ് ഇവരെല്ലാം.
ജൈവകൃഷിയെപ്പറ്റി കൂടുതലറിയാന്‍ അബ്ദുല്‍ ഷുക്കൂറിന്‍െറ വാട്സ്ആപ് നമ്പറിലോ (+971503867551) മൊബൈല്‍ നമ്പറിലോ (+971557908172) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.