?????? ?????????

പലായനത്തിന്‍െറ ഓര്‍മത്തുടിപ്പുകള്‍

യുദ്ധങ്ങള്‍ കൊണ്ട് മുറിവേറ്റവനാണ് ഏലിയ്യ. ആത്മാവിലും ശരീരത്തിലും വടുകെട്ടിനില്‍ക്കുന്ന ആ ഓര്‍മകളാണ് വാര്‍ധക്യത്തിലും അയാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവകോശങ്ങളില്‍ പലായനത്തിന്‍െറ ഭൂപടം രേഖപ്പെടുത്തിയ ഒരുജനതയുടെ ഓര്‍മത്തുടിപ്പുകള്‍ക്കൊപ്പമാണ് ഏലിയ്യ എന്ന റെയ്മണ്ട് ഗോര്‍ഡന്‍െറ ആയുസ്സും നീണ്ടുകിടക്കുന്നത്. അമ്മാന്‍ ഡൗണ്‍ടൗണിലെ തന്‍െറ ഹോട്ടലിലിരുന്ന് സംസാരിക്കുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ടതെന്തെല്ലാമെന്ന് അയാള്‍ തിരിച്ചറിയുന്നു. താന്‍ ജനിച്ച മണ്ണ്, വളര്‍ന്ന നഗരം, വാര്‍ധക്യം കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുത്ത ഭൂമി, എല്ലാം കൈവിരലുകള്‍ക്കുള്ളിലൂടെ ചോര്‍ന്നുപോയത് സാത്വികസമാനമായ നിസ്സംഗതയോടെയാണ് അയാള്‍ വിവരിച്ചത്. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലെ പശ്ചിമേഷ്യന്‍ ചരിത്രം തന്നെയാണ് ഏലിയ്യയുടെ ജീവചരിത്രം. അതില്‍നിന്ന് രാഷ്ട്രീയത്തെയോ യുദ്ധങ്ങളെയോ ആഭ്യന്തര കലഹങ്ങളെയോ മാറ്റിനിര്‍ത്താനാകില്ല. 
ഇന്നത്തെ ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ 1946ലാണ് ഏലിയ്യയുടെ ജനനം. കൃത്യമായി പറഞ്ഞാല്‍ ഇസ്രായേല്‍ സ്ഥാപനത്തിന് രണ്ടുവര്‍ഷം മുമ്പ്. സയണിസ്റ്റുകളുടെ രാഷ്ട്ര സങ്കല്‍പത്തില്‍ പ്രധാനസ്ഥാനമുണ്ടായിരുന്നു ഹൈഫയെന്ന തുറമുഖ നഗരത്തിന്. ആര്‍ത്തുവളരുന്ന ഹൈഫയിലെ ഓറഞ്ച് തോട്ടങ്ങളുടെ കീര്‍ത്തി മേഖലയാകെ വ്യാപിച്ചിരുന്നു. മെഡിറ്ററേനിയന്‍ കമ്പോളങ്ങളില്‍ മോഹവിലയായിരുന്നു ഹൈഫ ഓറഞ്ചിന്. സഹസ്രാബ്ദങ്ങളുടെ പുരാവൃത്തം പറയാനുള്ള ഈ പ്രദേശത്ത് അറബ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും സഹവര്‍ത്തിത്വത്തോടെ പാര്‍ത്തുവന്നു. പാരമ്പര്യ ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഏലിയ്യയുടേത്. ബൈബിളിലെ ഏലിയ്യ പ്രവാചകന്‍െറ പേര് റെയ്മണ്ടിന് ലഭിക്കുന്നത് അങ്ങനെയാണ്.
’48ല്‍ ഇസ്രായേല്‍ സ്ഥാപിതമാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം കീഴ്മേല്‍ മറിയുകയായി. മുസ്ലിംകളും ക്രിസ്ത്യാനികളും നാടുവിട്ടോടി. ഏലിയ്യയുടെ പിതാവ് സുരക്ഷിതമെന്ന് കണ്ടത്തെിയത് ഇന്നത്തെ വെസ്റ്റ്ബാങ്കിലെ നാബ്ലുസ് പട്ടണമായിരുന്നു. രണ്ടുവയസ്സുകാരന്‍ ഏലിയ്യയുമൊത്ത് കുടുംബം അവിടെ താമസമാരംഭിച്ചു. നാബ്ലുസിലെ ഗെരിസിം പര്‍വതവും അതിന്‍െറ താഴ്വരകളും സെന്‍റ് ജസ്റ്റിന്‍ ദേവാലയവുമൊക്കെ കുഞ്ഞു ഏലിയ്യയുടെ കളിയിടങ്ങളായി. ഫലസ്തീനിലെ പ്രധാന സര്‍വകലാശാലയായ അന്നജായിലായിരുന്നു വിദ്യാഭ്യാസം. ജോര്‍ഡന്‍െറ അധീനതയിലായിരുന്നു അന്ന് ഈ പ്രദേശങ്ങളെല്ലാം. പ്രായപൂര്‍ത്തിയായപ്പോള്‍ ജോര്‍ഡന്‍ പൗരത്വവും ലഭിച്ചു. അപ്പോഴേക്കും ഫലസ്തീനിന്‍െറ തലവര എന്നെന്നേക്കുമായി മാറ്റിയ ’67 ലെ ആറുദിന യുദ്ധത്തിന്‍െറ കേളികൊട്ട് ഉയര്‍ന്നുതുടങ്ങിയിരുന്നു. യുദ്ധത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് തന്‍െറ ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ ഏലിയ്യ തീരുമാനിച്ചു. 

ബസ്റയിലെ ബയണറ്റ് 
അതിര്‍ത്തികളിലെ അനിശ്ചിതത്വം മുതലാക്കി ജോര്‍ഡന്‍ പാസ്പോര്‍ട്ട് മാത്രം കൈയിലേന്തി ഏലിയ്യ തന്‍െറ യാത്രകള്‍ തുടങ്ങുകയായി. നാബ്ലുസില്‍നിന്ന് ആദ്യം അമ്മാനിലേക്ക്. ഇനി ഒരിക്കലും താന്‍ ഇങ്ങോട്ടു മടങ്ങിവരാന്‍ പോകുന്നില്ളെന്ന് ഫലസ്തീനിന്‍െറ സാങ്കല്‍പിക അതിര് കടക്കുമ്പോള്‍ അയാള്‍ കരുതിയിരുന്നില്ല. അമ്മാനില്‍നിന്ന് ബസില്‍ സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലേക്ക്. അവിടെനിന്ന് അടുത്ത ബസില്‍ തെക്കന്‍ ഇറാഖി നഗരമായ ബസ്റയിലേക്ക്. നാബ്ലുസില്‍നിന്ന് നാലുദിവസം കൊണ്ട് ബസ്റയില്‍. ലക്ഷ്യം കുവൈത്താണ്. പക്ഷേ, അതിര്‍ത്തി കടക്കല്‍ എളുപ്പമല്ല. കൈയിലാണെങ്കില്‍ വിസയുമില്ല. പിന്മാറാന്‍ പക്ഷേ, ഏലിയ്യ തയാറായില്ല. തെക്കന്‍ ഇറാഖിലെ ക്വാറികളില്‍നിന്നാണ് കുവൈത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരിങ്കല്ല് അന്ന് കൊണ്ടുപോകുന്നത്. ചെറിയ കഷണങ്ങളായി നുറുക്കിയ മെറ്റല്‍ കയറ്റിയ ലോറികളാണ് മനുഷ്യക്കടത്ത് മാഫിയയുടെ പ്രധാന ആശ്രയം. 
കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ മാഫിയ സംഘത്തിന് കൊടുത്ത് മെറ്റല്‍ ലോറിയില്‍ ഏലിയ്യ ഒരു ‘ബെര്‍ത്ത്’ തരപ്പെടുത്തി. ലോറിയില്‍ ആദ്യം മെറ്റല്‍ വിരിക്കും. അതിന് മുകളില്‍ ചാക്ക് വിരിച്ച് മൂന്നും നാലും പേരെ കിടത്തും. മുകളിലും ചാക്ക് വിരിച്ച് ശ്വാസം വിടാന്‍ ചെറിയൊരു വിടവും നല്‍കി മുകളിലും മെറ്റല്‍ വിരിക്കും. ഏലിയ്യയുടെ ട്രിപ്പില്‍ മൂന്നുപേര്‍. ലോറി കുവൈത്തിന്‍െറ അതിര്‍ത്തിയിലത്തെി. പ്രാഥമിക പരിശോധനയൊക്കെ കഴിഞ്ഞു. ശ്വാസം പിടിച്ചു കിടക്കുകയാണ് മൂവരും. പെട്ടന്ന് ഒരു സൈനികന്‍ ലോറിക്ക് വശത്തത്തെി. തന്‍െറ തോക്കിലെ ബയണറ്റ് അയാള്‍ മെറ്റലിലേക്ക് ആഞ്ഞുകുത്തി. ബയണറ്റിന്‍െറ ലോഹത്തണുപ്പ് ഏലിയ്യയുടെ കാല്‍ അറിഞ്ഞു. ഇടത്തേ ഞെരിയാണിയുടെ മുകളില്‍ ബയണറ്റ് ആഴ്ന്നിറങ്ങി. ജീവന്‍ പോകുന്ന വേദനയിലും ഏലിയ്യ കടിച്ചുപിടിച്ചു കിടന്നു. ബയണറ്റ് ഊരിയെടുത്ത് സൈനികന്‍ മടങ്ങി. തന്‍െറ ആയുധം കൊണ്ടത് മനുഷ്യമാംസത്തിലാണെന്ന് അയാള്‍ക്ക് തിരിച്ചറിയാനായില്ല. മിനിറ്റുകള്‍ കൊണ്ട് ലോറി ലക്ഷ്യ സ്ഥാനത്തത്തെി. മെറ്റല്‍ മാറ്റി നോക്കുമ്പോള്‍ എല്ലാവരും കാണുന്നത് രക്തം വാര്‍ന്ന് അര്‍ധബോധാവസ്ഥയിലായ ഏലിയ്യയെ. കാലിന്‍െറ എല്ലും മാംസവും ചതഞ്ഞുപോയിരിക്കുന്നു.  ഞെരിയാണിയിലെ ആ ഗര്‍ത്തം പിന്നീടൊരിക്കലും നികന്നില്ല. ഏലിയ്യയുടെ നടപ്പിനെ അതുബാധിക്കുകയും ചെയ്തു. ഫലസ്തീന്‍ പ്രശ്നത്തില്‍ തന്‍െറ സംഭാവന അരക്കിലോ മാംസമാണെന്ന് ഏലിയ്യ തമാശ പറയുന്നു. 

നേപ്പിള്‍സിലെ കാമുകന്‍
ഹൈഡ്രോപോണിക്സ് എന്ന നാഗരിക കാര്‍ഷിക രീതി വളരുന്ന കാലമായിരുന്നു അത്. ഒരു ഇറ്റാലിയന്‍ കമ്പനിയാണ് കുവൈത്തില്‍ ഹൈഡ്രോപോണിക്സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. ആ സ്ഥാപനത്തില്‍ ഏലിയ്യക്ക് ജോലി കിട്ടുന്നു. ചുരുങ്ങിയ കാലം കൊണ്ട് കമ്പനിയുടെ ഉയര്‍ന്നതലങ്ങളിലേക്കത്തൊന്‍ അദ്ദേഹത്തിനായി. അപ്പോഴേക്കും ’67 ലെ യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. അറബ് സൈന്യം ഇസ്രായേലിന് മുന്നില്‍ തകര്‍ന്നു. ഏലിയ്യയുടെ നാബ്ലുസ് ഉള്‍പ്പെടുന്ന വെസ്റ്റ്ബാങ്ക് ജോര്‍ഡന് നഷ്ടമായി. ഏലിയ്യ അങ്ങനെ രാഷ്ട്രമില്ലാത്തവനായി. 
രാജ്യത്തിനുണ്ടായ ദുര്‍വിധി മറ്റൊരുതരത്തില്‍ ഏലിയ്യയെയും ബാധിച്ചു. കമ്പനി കുവൈത്ത് സര്‍ക്കാറുമായി തെറ്റി. കരാര്‍ നഷ്ടമായി. കമ്പനി പൂട്ടേണ്ടി വന്നു. പെട്ടെന്ന് ഒരു പ്രഭാതത്തില്‍ ഏലിയ്യ തൊഴില്‍രഹിതനായി. നാടുവിട്ട കമ്പനി അധികൃതരെ തേടി ഏലിയ്യ ഇറ്റലിയിലേക്ക് കപ്പല്‍ കയറി. അവിടെ നേപ്പിള്‍സിലാണ് കമ്പനിയുടെ ആസ്ഥാനം. ഇറ്റാലിയന്‍ മാഫിയയുടെ ഇന്ദ്രപ്രസ്ഥമാണ് നേപ്പിള്‍സ്. അവിടെ അതേ കമ്പനിയില്‍ വീണ്ടും ജോലി ഒപ്പിച്ചു. 
അവിടെവെച്ച് ആദ്യ പ്രണയം. മാഫിയയിലെ ഒരു ഇടനിലക്കാരന്‍െറ സഹോദരിയാണ് ആള്‍. ഒളിച്ചോടി ആസ്ട്രേലിയയിലേക്ക് പോകാന്‍ ഇരുവരും പദ്ധതി തയാറാക്കി. ഇതുമണത്തറിഞ്ഞ യുവതിയുടെ സഹോദരന്‍ ഒന്നുമറിയാത്ത പോലെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ കുശലാന്വേഷണത്തിനിടെ പെട്ടെന്നയാള്‍ ബൂട്ടിനുള്ളില്‍ നിന്ന് റിവോള്‍വര്‍ വലിച്ചൂരി.  പ്രണയം ആത്മാര്‍ഥമാണെന്നും ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമൊക്കെ പറഞ്ഞ് വല്ലവിധേനയും അവിടെനിന്ന് തടി രക്ഷിച്ചെടുത്തു. വിവാഹം നടത്തിക്കൊടുക്കാന്‍ അവരുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു. ആസ്ട്രേലിയയില്‍ പോയി ഒരു സംവിധാനം തയാറാക്കിയശേഷം തിരിച്ചുവന്ന് കൊണ്ടുപോകാമെന്ന് പ്രണയിനിക്ക് വാക്കുകൊടുത്ത് ഏലിയ്യ ഇറ്റലി വിട്ടു. ആസ്ട്രേലിയയില്‍ ആദ്യകാലം ദുരിതത്തിന്‍െറതായിരുന്നു. ട്രക്ക് ഡ്രൈവിങ്, ക്രെയിന്‍ ഡ്രൈവര്‍, ഫയര്‍മാന്‍, ഇന്‍ഷുറന്‍സ് സെയില്‍സ്മാന്‍ തുടങ്ങി നിരവധി ജോലികള്‍ ചെയ്തു. അപ്പോഴേക്കും ഇറ്റലിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഏലിയ്യയുടെ ഒരു ഇറ്റാലിയന്‍ സുഹൃത്ത് കാമുകിയുടെ വീട്ടില്‍ ബന്ധം സ്ഥാപിച്ചുതുടങ്ങിയിരുന്നു. ഏലിയ്യ ആസ്ട്രേലിയയില്‍ വെള്ളം കുടിക്കുകയാണെന്നും സഹോദരിയെ അയാള്‍ക്ക് കൊടുത്താല്‍ ഒരുകാലത്തും രക്ഷപ്പെടാന്‍ പോകുന്നില്ളെന്നുമൊക്കെ അയാള്‍ വീട്ടില്‍ പറഞ്ഞുവെച്ചു. ഒടുവില്‍ ഈ സുഹൃത്തുതന്നെ ആ യുവതിയെ വിവാഹം ചെയ്തു. പ്രണയഭംഗം ഏലിയ്യയെ തളര്‍ത്തി. അതുപക്ഷേ, താല്‍ക്കാലികമായിരുന്നു. 

റെയ്മണ്ടിന്‍െറ പിറവി
ആസ്ട്രേലിയ പോലുള്ള യൂറോപ്യന്‍ രീതികള്‍ നിലനില്‍ക്കുന്ന രാജ്യത്ത് തന്‍െറ പൗരസ്ത്യനാമം ഒരു കുറവായി അദ്ദേഹത്തിന് തോന്നി. ഏലിയ്യ എന്ന പേര് പലയിടത്തും തനിക്ക് ഒരു കടമ്പയാകുന്നുണ്ടോ എന്നായിരുന്നു സംശയം. അങ്ങനെയാണ് റെയ്മണ്ട് ഗോര്‍ഡന്‍ എന്ന പേര് സ്വീകരിക്കുന്നത്. പിന്നെയുള്ള മൂന്നു പതിറ്റാണ്ടുകള്‍ റെയ്മണ്ട് ഗോര്‍ഡന്‍െറതായിരുന്നു. ഓഹരി വിപണിയിലും വസ്ത്ര വ്യാപാരരംഗത്തും എന്നുവേണ്ട കൈവെച്ച ഇടങ്ങളിലൊക്കെ വിജയം പിറകെവന്നു. അതിനിടയില്‍ വിവാഹം. അഞ്ചു മക്കള്‍. ‘90 കളുടെ തുടക്കത്തില്‍ കാഴ്ചയുടെ പ്രശ്നങ്ങള്‍ റെയ്മണ്ടിനെ അലട്ടിത്തുടങ്ങി. ആരോഗ്യം ക്ഷയിച്ചപ്പോള്‍ കച്ചവടവും തകര്‍ന്നു. 
പക്ഷേ, കാഴ്ചമങ്ങിയപ്പോള്‍ അകക്കണ്ണിന് വെളിച്ചം വെച്ചു. താന്‍ എന്താണ് നഷ്ടപ്പെടുത്തുന്നതെന്ന് രോഗക്കിടക്കയില്‍ റെയ്മണ്ട് തിരിച്ചറിഞ്ഞു. ആസ്ട്രേലിയയിലെ പാശ്ചാത്യ ജീവിതം എന്തുനേടിത്തന്നു. കുടുംബ ബന്ധം എന്തെന്നറിയാത്ത, ഗോത്രസാഹോദര്യം മനസ്സിലാകാത്ത സ്വന്തം കുടുംബത്തെ ഓര്‍ത്ത് റെയ്മണ്ട് വേദനിച്ചു. ഹൈഫയിലെ ഓറഞ്ച് തോട്ടങ്ങള്‍ അകക്കണ്ണില്‍ തെളിയാന്‍ കാണാന്‍ തുടങ്ങി. നാബുലസിലെ നാട്ടുതെരുവുകള്‍ വീണ്ടും വിളിക്കുന്നു. എല്ലാം മതിയാക്കി വേരുകളിലേക്ക് മടങ്ങാന്‍ ഉറപ്പിച്ചു. പഴയ ജോര്‍ഡന്‍ പാസ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. പക്ഷേ, ഒപ്പം വരാന്‍ കുടുംബം തയാറല്ല. ഏകനായി റെയ്മണ്ട് യാത്രക്കൊരുങ്ങി. പക്ഷേ, എങ്ങോട്ടുപോകും. ഹൈഫയിലേക്ക് ഇസ്രായേല്‍ കയറ്റില്ല. നാബ്ലുസിലോ ഫലസ്തീനിന്‍െറ മറ്റേതെങ്കിലും നഗരത്തിലേക്കോ പോകുന്നതും അസാധ്യം. ഡമസ്കസ് അപ്പോള്‍ മനസ്സില്‍ തെളിഞ്ഞു. കുവൈത്തിലേക്കുള്ള യാത്രയില്‍ തന്‍െറ ഹൃദയം കവര്‍ന്ന നഗരം. നേരെ ഡമസ്കസ് വിമാനത്താവളത്തിലിറങ്ങി. മാസങ്ങള്‍ക്കുള്ളില്‍ ഡമസ്കസിന്‍െറ പ്രാന്തത്തില്‍ ‘ഡമസ്കസ് ഹോസ്റ്റല്‍’ എന്നൊരു ഹോട്ടല്‍ ആരംഭിച്ചു. കുറഞ്ഞചെലവില്‍ അറേബ്യന്‍ ആതിഥ്യം സ്വീകരിക്കാന്‍ പറ്റിയ സ്ഥലം. ചുരുങ്ങിയ കാലം കൊണ്ട് ഡമസ്കസ് ഹോസ്റ്റല്‍ നഗരത്തിലെ ശ്രദ്ധാകേന്ദ്രമായി. ആ നഗരം തന്നെ പുതിയൊരു ജീവിത പങ്കാളിയെയും റെയ്മണ്ടിന് സമ്മാനിച്ചു.  

അമ്മാന്‍പാഷയിലെ ഏണി
നല്ലതൊന്നും ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ചരിത്രമില്ല റെയ്മണ്ടിന്‍െറ ജീവിതത്തില്‍. റെയ്മണ്ടിന്‍െറ ബാല്യത്തെയും കൗമാരത്തെയും പിഴുതെറിഞ്ഞത് അറബ്-ഇസ്രായേലി വൈരമായിരുന്നെങ്കില്‍ വാര്‍ധക്യത്തിലെ സ്വാസ്ഥ്യം കെടുത്തിയത് അറബികളുടെ തമ്മിലടി. സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ എല്ലാം തകര്‍ന്നു. സിറിയക്കൊപ്പം, റെയ്മണ്ടിന്‍െറ സംരംഭവും തകര്‍ന്നു. ഡമസ്കസ് ഹോസ്റ്റലിലേക്കുള്ള പ്രധാന വഴി ഭീകരപോരാട്ടത്തിന്‍െറ വേദിയായി. പക്ഷേ, ഹോസ്റ്റലിന് പിറകുവശം വഴിയുള്ള റോഡ് സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. വിമാനത്താവളത്തിലേക്കുള്ള ആ റോഡ് സര്‍ക്കാര്‍ എല്ലാശേഷിയും ഉപയോഗിച്ചു സംരക്ഷിച്ചു. ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ആ സുരക്ഷിതപാതയിലേക്ക് റെയ്മണ്ട് ഒരു ഏണി സ്ഥാപിച്ചു. താമസക്കാര്‍ക്ക് ആ ഏണി വഴി മുകളിലേക്ക് കയറിവരാം. ആ പ്രദേശത്തുകാരുടെ ജീവവായുവായിരുന്നു ആ ഏണി. അധികകാലം അത് തുടരാനായില്ല. ഹോട്ടല്‍ പൂട്ടേണ്ടി വന്നു. അഭയാര്‍ഥികള്‍ക്ക് ഹോട്ടല്‍ വിട്ടുകൊടുത്ത് ഏണി വഴി രക്ഷപ്പെട്ട് റെയ്മണ്ടും ഭാര്യയും വിമാനത്താവളത്തിലത്തെി. അവിടെ നിന്ന് ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനിലേക്ക്. ഡൗണ്‍ടൗണ്‍ അമ്മാനിലെ റോമന്‍ കൊളീസിയത്തിന് എതിര്‍വശത്തുള്ള പൗരാണിക മന്ദിരം വാങ്ങി ഡമസ്കസ് ഹോസ്റ്റല്‍ അവിടെ പുന$സ്ഥാപിച്ചു, അമ്മാന്‍ പാഷ ഹോട്ടല്‍ എന്ന പേരില്‍. ഡമസ്കസ് ഹോസ്റ്റലിന്‍െറ ഓര്‍മക്കായി അമ്മാന്‍ പാഷക്ക് മുന്നില്‍ ഒരു കയര്‍ ഏണി സ്ഥാപിച്ചിട്ടുണ്ട് റെയ്മണ്ട്. എന്നും ആ ഏണി കണ്ടാണ് അയാള്‍ ദിവസം ആരംഭിക്കുന്നത്. തന്‍െറ ജീവിതത്തെ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഒരു ജ്ഞാനവൃദ്ധന്‍െറ ഉപാധി.                                          •

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT