കൊല്ലം: കോവിഡിന്റെ പിടിയിൽനിന്ന് മോചിതമായ ഒരു അധ്യയന വർഷം വിജയകരമായി പൂർത്തിയാക്കി സ്കൂളുകൾ അടയ്ക്കുമ്പോൾ മധ്യവേനലവധി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തയിലാണ് കുട്ടികളും രക്ഷാകർത്താക്കളും. വിനോദങ്ങളും അവധിക്കാല ക്ലാസുകളും ഓൺലൈൻ വിനോദങ്ങളും തുടങ്ങി വേറിട്ടതൊക്കെ വേണ്ടുവോളമുണ്ടെങ്കിലും എല്ലാം ശ്രദ്ധയോടെ കുട്ടികളുടെ അഭിരുചിക്കനുസൃതമായി വേണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കായിക വിനോദങ്ങളും പഠനക്കളരികളുമായി ജില്ലയിലെ ലൈബ്രറികളും വിവിധ സംഘടനകളും സജീവമായിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം തന്നെ ക്യാമ്പുകൾ തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം.
കായികം, കല, സാഹിത്യം, വ്യക്തിത്വ വികസനം എന്നിങ്ങനെ കുട്ടികളുടെ കാര്യശേഷി വികസനത്തിന് ഉതകുന്ന സർവതലസ്പർശിയായ ക്യാമ്പുകളിലൂടെ അവധിക്കാലം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സ്ഥാപനങ്ങളും സംഘടനകളും. പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള കുട്ടികളുടെ സർഗശേഷി തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള അവസരം കൂടിയാണ് ഈ ക്യാമ്പുകൾ.
അറിവ് നേടുന്നതിനൊപ്പം കഥയും പാട്ടും കളിചിരിയുമായി പുതിയ കൂട്ടുകാരെ കിട്ടാനും കൂട്ടുകൂടാനുമെല്ലാം കുട്ടികളെ ഇത്തരം ക്യാമ്പുകൾ പ്രാപ്തരാക്കുന്നു. മാനസ്സികോല്ലാസത്തോടെ അഭ്യസിക്കാവുന്ന രീതിയിലാണ് ക്രമീകരണം.
അവധിക്കാലത്തെ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 18 വയസ്സ് തികയാത്ത ഒരു കുട്ടിയും തനിയെ മൊബൈൽ ഉപയോഗിക്കുന്നില്ലെന്ന് രക്ഷാകർത്താക്കൾ ഉറപ്പുവരുത്തണം. രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താൽര്യമുള്ള ആപ്ലിക്കേഷനുകളോ ഉപയോഗിക്കാം.
രക്ഷാകർത്താക്കൾ കിട്ടുന്ന സമയം കുട്ടികളുടെ സന്തോഷത്തിനായി മാറ്റിവെക്കണം. സ്ക്രീനുകളിൽ സമയം പാഴാക്കാതെ പുത്തൻ അറിവുകൾ നേടാൻ ഈ അവധിക്കാലത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പുതിയൊരു ഭാഷയാകട്ടെ, സംഗീത ഉപകരണമാകട്ടെ നീന്തലോ കരാട്ടേയോ നൃത്തമോ സംഗീതമോ ചിത്രരചനയോ എന്തുമാകട്ടെ, കുട്ടിയുടെ താൽപര്യമനുസരിച്ച് പുതിയൊരു അറിവ് നേടുന്നതിനുള്ള ദിനങ്ങളായി ഈ അവധിക്കാലം മാറ്റാം.
ജില്ലയിൽ പ്രഗല്ഭരായ അധ്യാപകരെ കോർത്തിണക്കി നിരവധി അവധിക്കാല ക്യാമ്പുകൾക്കാണ് അടുത്ത ആഴ്ചകളിൽ തുടക്കമാകുന്നത്.
- കൊല്ലം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ റിസർച്ച് സെന്ററിലെ സോപാനം കലാക്ഷേത്രത്തിൽ അവധിക്കാല കലാപഠന ക്ലാസുകൾ തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങും. സംഗീതം, നൃത്തം, ചിത്രരചന, കീബോർഡ്, ഗിറ്റാർ, വയലിൻ എന്നിവയിലാണ് പരിശീലനം. ഫോൺ: 0474 - 2748487, 9847005261.
- കൊല്ലം ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകൾ അഞ്ചുമുതൽ മേയ് 26വരെ നടക്കും. ആറുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ശാസ്ത്രീയസംഗീതം, ലളിതസംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, യോഗാസനം, ചിത്രരചന, ക്രാഫ്റ്റ്, എംബ്രോയ്ഡറി, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകും. പ്രശസ്ത വ്യക്തികളുമായി കുട്ടികളുടെ മുഖാമുഖ പരിപാടികൾ ആഴ്ചതോറുമുണ്ടാകും. ഫോൺ: 0474-2760646, 2744365.
- അഞ്ചാലുംമൂട് ബി.ആർ സ്പോർട്സ് സ്കൂളിൽ സൗജന്യ കായിക പരിശീലന ക്യാമ്പ് ശനിയാഴ്ച തുടങ്ങും. മേയ് 30ന് സമാപിക്കും. നീരാവിൽ ആണിക്കുളത്തുചിറയിലുള്ള കോർപറേഷൻ മിനിസ്റ്റേഡിയത്തിൽ അഞ്ചു മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. അത് ലറ്റിക്സ്, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയിലാണ് പരിശീലനം. ഫോൺ: 7558804952, 8078335861.
- മയ്യനാട് കെ.പി.എം മോഡൽ സ്കൂളിൽ ഫുട്ബാൾ, ചിത്രരചന, സംഗീതം, കീബോർഡ്, ഗിറ്റാർ, വയലിൻ എന്നിവയിൽ പരിശീലനം നൽകും. ഏപ്രിൽ നാലിന് രാവിലെ ഒമ്പതിന് ക്ലാസ് ആരംഭിക്കും. ഫോൺ: 8301912287.
- ജില്ല പഞ്ചായത്തിൽ ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ അവധിക്കാല തൊഴിൽ പരിശീലന ക്ലാസുകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2791190.
- ഒളിമ്പിക് ഫുട്ബാൾ അക്കാദമി സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ശനിയാഴ്ച മുതൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിനു സമീപത്തെ മൈതാനത്ത് നടക്കും. ആറ് മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 8086266280.
- അവധിക്കാല കമ്പ്യൂട്ടർ കോഴ്സുമായി എൽ.ബി.എസ് സെന്ററുകളും കെൽട്രോണിന്റെ നോളജ് സെന്ററും ഒരുങ്ങി. കെൽട്രോണിൽ മൂന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 0474 2731061.
- കരുതൽ മ്യൂസിക് അക്കാദമിയുടെ അവധിക്കാല ക്ലാസ് 10 മുതൽ മേയ് 20 വരെ നടത്തും. സംഗീതം, ചിത്രരചന, കായിക പരിശീലനം എന്നിവയാണ് പ്രധാനപ്പെട്ടവ. ഫോൺ: 9387676757, 8089802884.
- കൊട്ടിയം കെ. വ്യാസൻ ലൈബ്രറിയും തൂലിക ആർട്സും ചേർന്നുള്ള അവധിക്കാല കാർട്ടൂൺ, ചിത്രകല ക്ലാസുകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും. ചിത്രരചനയോടൊപ്പം മറ്റ് ക്രിയേറ്റിവ് ആർട്ട് വർക്കുകളുമുണ്ടാകും. ഫോൺ: 9847943456.
- ജില്ല റോളർ സ്കേറ്റിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല പരിശീലന ക്യാമ്പ് മൂന്ന് മുതൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ നടക്കും. മൂന്ന് വയസ്സിനുമുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 7994455802.
- അമച്ച്വർ റോളർ സ്കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ ജില്ലതല പരിശീലനം തുടങ്ങും. കൊല്ലം, ചാത്തന്നൂർ, പാരിപ്പള്ളി, പള്ളിമൺ, കൊട്ടാരക്കര, പുനലൂർ, പൂയപ്പള്ളി, ചടയമംഗലം, അടൂർ, ഏഴംകുളം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് പരിശീലനം. ഫോൺ: 9207840001 ,9656199155.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.