പ്രതീകാത്മക ചിത്രം

പാഠപുസ്തകത്തിൽനിന്ന് പാടത്തേക്ക്; സ്കൂളുകളിൽ ‘കതിര്’ കാർഷിക ക്ലബുകൾക്ക് തുടക്കം

കോഴിക്കോട്: പാഠപുസ്തകങ്ങളിലെ കൃഷി അറിവുകൾ സ്കൂൾ മുറ്റത്തേക്ക് എത്തിക്കുന്ന സംസ്ഥാനതല 'കതിര്' (കേരള അഗ്രിക്കൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻറിങ്) പദ്ധതിക്ക് ജില്ലയിലെ സ്കൂളുകളിൽ തുടക്കം. കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ 500 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 38 വിദ്യാലയങ്ങളാണ് പങ്കാളികളാകുന്നത്.

ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മണ്ണിൽ വിത്തിട്ട് ചെടി വളർത്തിയും വിളവെടുത്തും കൃഷിയുടെ പാഠങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിനൊപ്പം ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം, സുസ്ഥിര കൃഷി എന്നിവയിൽ പുതുതലമുറക്ക് അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ വിവിധ സ്കൂളുകളിൽ ഇതിനകം നടീൽ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തോടെ എല്ലാ സ്കൂളുകളിലും നടീൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. അധ്യാപക നോഡൽ ഓഫിസർമാർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള ജില്ലാതല പരിശീലനം നവംബർ 16ന് പൂർത്തിയായി. ജൈവകൃഷി, സ്കൂൾ കാർഷിക ഉദ്യാനം, വിത്ത് ബാങ്ക്, മണ്ണ് സംരക്ഷണം എന്നിവക്കൊപ്പം ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, ലംബകൃഷി, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ ആധുനിക കൃഷിരീതികളും ക്ലബ്ബുകളിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും. കൃഷിയിൽ താൽപര്യമുള്ള 25 മുതൽ 30 വരെ വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലബ്ബുകൾ അധ്യാപകരുടെയും വിദ്യാർഥി നോഡൽ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ജി.യു.പി.എസ് ഒല്ലൂർ, ദേശസേവ എ.യു.പി.എസ് കുറുമ്പൊയിൽ, നന്മണ്ട എ.യു.പി.എസ്, മർക്കസ് ഗേൾസ് എച്ച്.എസ്.എസ്, നിർമല എ.യു.പി.എസ് കാറ്റുള്ളമല, ആയഞ്ചേരി എൽ.പി.എസ് തുടങ്ങി ജില്ലയിലെ 38 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മണ്ണിൽ പൊന്നുവിളയിക്കാൻ ഒരുങ്ങുന്നത്. ചലച്ചിത്ര താരം മോഹൻലാൽ ബ്രാൻഡ് അംബാസഡറായ 'കതിര്' പദ്ധതി വിദ്യാർത്ഥികൾക്ക് കാർഷിക രംഗത്തേക്കിറങ്ങാൻ വലിയ പ്രചോദനമാണ് നൽകുന്നത്.

Tags:    
News Summary - Kathir Farming Project Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.