ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹരജി. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പിരിച്ചുവിടണമെന്നും പാർലമെന്റ് നിയമത്തിലൂടെ സ്റ്റാറ്റ്യൂട്ടറി നാഷനൽ ടെസ്റ്റിങ് ബോഡി സ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഹരജിയിൽ പറയുന്നു.
ഇന്ത്യയിലെ ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. നീറ്റ് യു.ജി 2026 പരീക്ഷ നടത്തിപ്പിൽ എൻ.ടി.എ ‘വ്യവസ്ഥാപരമായി പരാജയ’പ്പെട്ടതായി ഹരജിയിൽ പറയുന്നു. ദേശീയ പ്രവേശന പരീക്ഷകളുടെ സമഗ്രത ഇല്ലാതാക്കുന്ന ആവർത്തിച്ചുള്ള വീഴ്ചകളിൽ അടിയന്തര ജുഡീഷ്യൽ ഇടപെടൽ വേണമെന്നും ഹരജിയിൽ പറയുന്നു.
എൻ.ടി.എക്ക് പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശങ്ങൾ നൽകണം. ഇനി നടക്കാനിരിക്കുന്ന ദേശീയ പരീക്ഷകൾ ‘സീറോ-ലീക്ക്’ സമഗ്രതയോടെ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും കോടതിയുടെ മേൽനോട്ടത്തിൽ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
22.7 ലക്ഷത്തിലധികം വിദ്യാർഥികളുടെ പ്രഫഷനൽ ഭാവിയെ സ്വാധീനിക്കുന്നതാണ് നീറ്റ് പരീക്ഷ. പരീക്ഷാ നടത്തിൽ ആവർത്തിക്കുന്ന വീഴ്ചകൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.