പ്രതീകാത്മക ചിത്രം
ജെഇഇ അഡ്വാൻസ്ഡ് 2027 മെയ് 23ന്; ആദ്യമായി ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ
ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് 2027 പരീക്ഷ മെയ് 23 ഞായറാഴ്ച നടക്കും. പരീക്ഷയുടെ സംഘാടകരായ ഐഐടി ഡൽഹി ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു.
jeeadv.ac.in എന്ന പോർട്ടലിലാണ് പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുക. പരീക്ഷക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാ രീതി, പ്രധാന തീയതികൾ, നിർദേശങ്ങൾ തുടങ്ങിയ വിവരങ്ങളും ഇതേ പോർട്ടലിലൂടെ അറിയിക്കും.
ജെഇഇ മെയിൻ പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് നേടുന്നവർക്കാണ് ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അവസരം ലഭിക്കുക. യോഗ്യതാ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട തുടർ അറിയിപ്പുകൾക്കായി ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച യോഗ്യതാ മാനദണ്ഡങ്ങളിൽ പ്രായപരിധി, പരീക്ഷ എഴുതാൻ ലഭിക്കുന്ന അവസരങ്ങളുടെ എണ്ണം, ബോർഡ് പരീക്ഷയിലെ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളുണ്ട്. ഈ വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷിക്കുന്നതിന് മുമ്പ് ഈ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷാ നടപടികൾ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ഇത്തവണത്തെ പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് ഓൺ-സ്ക്രീൻ ബേസിക് കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുവദിക്കും. ജെഇഇ അഡ്വാൻസ്ഡിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. ഇതുവരെ കണക്കുകൂട്ടലുകൾക്കെല്ലാം ഉദ്യോഗാർഥികൾ കൈകൊണ്ട് തന്നെ ചെയ്യേണ്ടിയിരുന്നു.അനുവദിക്കുന്ന കാൽക്കുലേറ്റർ നോൺ-സയന്റിഫിക് വിഭാഗത്തിൽ പെടുന്നതായിരിക്കും. 10 മുതൽ 12 അക്കങ്ങൾ വരെ പ്രദർശിപ്പിക്കാൻ കഴിയുന്ന ഡിസ്പ്ലേയാണ് ഇതിനുണ്ടാവുക. സാധാരണ കൂട്ടൽ, കുറക്കൽ, ഗുണനം, ഹരണം തുടങ്ങിയ അടിസ്ഥാന കണക്കുകൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. പരീക്ഷക്കിടെ കംപ്യൂട്ടർ സ്ക്രീനിൽ തന്നെയായിരിക്കും കാൽക്കുലേറ്റർ ലഭ്യമാകുക.
വെബ്സൈറ്റ് പ്രസിദ്ധീകരിച്ചതോടെ 2027-ലെ പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിവര ബുള്ളറ്റിൻ, അപേക്ഷാ തീയതികൾ, പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ തുടർന്നുള്ള മാസങ്ങളിൽ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കും. ഔദ്യോഗിക പോർട്ടലിൽ വരുന്ന അറിയിപ്പുകൾ മാത്രം പരിഗണിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഐഐടികളിലെ ബിടെക് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എൻജിനീയറിങ് പ്രവേശന പരീക്ഷകളിലൊന്നായ ജെഇഇ അഡ്വാൻസ്ഡ് നടത്തുന്നത്. എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ജെഇഇ മെയിൻ എഴുതുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അഡ്വാൻസ്ഡ് എഴുതാൻ അവസരം ലഭിക്കുന്നത്. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. അഡ്മിറ്റ് കാർഡ്, ഉത്തരസൂചിക, ഫലപ്രഖ്യാപനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വരും ദിവസങ്ങളിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ തന്നെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.