ബെയ്ജിങ്: ഇന്ത്യയിലെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വാദങ്ങൾ പുരോഗമിക്കുന്നതിനിടെ, ചർച്ചയാകുകയാണ് നീറ്റിന്റെ അഞ്ചുമടങ്ങിലധികം വിദ്യാർഥികൾ എഴുതുന്ന ചൈനയിലെ ഒരു പ്രവേശന പരീക്ഷ.
2.2 ദശലക്ഷം പേർ നീറ്റ് പരീക്ഷ എഴുതുമ്പോൾ 13 ദശലക്ഷത്തിലധികം (1.335 കോടി) പേരാണ് ചൈനയുടെ ‘ഗാവോകാവോ’ പരീക്ഷ എഴുതുന്നത്. 2025 ജൂണിലെ കണക്കാണ് ഇത്. വിദ്യാർഥികളുടെ എണ്ണം മാത്രം കണക്കിലെടുത്താൽ ഇന്ത്യയുടെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയുടെ മുത്തച്ഛനായി വരും ഗാവോകാവോ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നീറ്റ്-യുജി പേപ്പർ ചോർച്ചയെച്ചൊല്ലി വിവാദങ്ങൾ നിരന്തരം ഉയരുമ്പോൾ, ഇതുവരെ യാതൊരു വിവാദവുമില്ലാതെയാണ് ഗാവോകാവോ പരീക്ഷയുടെ നടത്തിപ്പ്.
മേയ് മൂന്നിനാണ് ഏകദേശം 22 ലക്ഷം വിദ്യാർഥികൾ നീറ്റ് യു.ജി എഴുതിയത്. ഇന്ത്യയിലെ ബിരുദ മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയാണിത്. എന്നാൽ, നീറ്റ്-യു.ജി പരീക്ഷ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം, ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു. അങ്ങനെ പരീക്ഷ റദ്ദാക്കാൻ എൻ.ടി.എ നിർബന്ധിതരായി. ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇതിലൂടെ തകർന്നത്. നീറ്റുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച വിവാദങ്ങൾ പുതിയതൊന്നുമല്ല. രണ്ട് വർഷം മുമ്പും രാജ്യം സമാനമായ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിരുന്നു.
ഗണിതശാസ്ത്ര അധ്യാപകനായ ആനന്ദ് കുമാർ ഒരു ടെലിവിഷൻ ചർച്ചക്കിടെ നടത്തിയ പരാമർശമാണ് ഇപ്പോൾ ചൈനയിലെ ‘ഗാവോകാവോ’ പരീക്ഷയെക്കുറിച്ച് ചർച്ച തുടങ്ങിവെച്ചത്. പേപ്പർ ചോർച്ചക്കെതിരെ ചൈനയെപ്പോലെ കർശനമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ആനന്ദ് കുമാർപറഞ്ഞത്. ‘കോച്ചിങ് സെന്ററുകളിൽ കുരുക്ക് മുറുക്കേണ്ടത് പ്രധാനമാണ്. നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. ചൈനയെപ്പോലെ കർശനമായ നടപടികൾ സർക്കാർ ഉറപ്പാക്കണം’ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചൈനയുടെ ഉയർന്ന നിലവാരമുള്ള നിരീക്ഷണ സംവിധാനങ്ങളിലേക്കും, പരീക്ഷകളിൽ കൃത്രിമം കാണിക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾക്ക് നേരെയുള്ള കർശനമായ ശിക്ഷകളിലേക്കും വിരൽചൂണ്ടുന്നതാണ് ലോകത്തിലെ ഏറ്റവും കഠിനമായ ‘ഗാവോകാവോ’ പരീക്ഷയെന്നും അദ്ദേഹം പറയുന്നു.
ചൈനയിലെ നാഷനൽ കോളജ് പ്രവേശന പരീക്ഷയാണ് ഗാവോകാവോ. പൊതു സർവകലാശാലകളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശനത്തിന് രാജ്യവ്യാപകമായി നടക്കുന്ന ഏകീകൃത പരീക്ഷ. ചൈനയിലെ മിക്കവാറും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബിരുദ പ്രവേശനത്തിനുള്ള പ്രാഥമിക കവാടമാണ് ഗാവോകാവോ. ഗാവോകാവോയിൽ വഞ്ചനയും കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളും ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുണ്ട്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പൊലീസ് വിന്യാസം വരെ ഈ പരീക്ഷയുടെ പ്രത്യേകതയാണ്.
ചൈനയിലെ ജീവിതത്തെ മാറ്റിമറിക്കുന്ന പരീക്ഷയായാണ് ഗാവോകാവോ കണക്കാക്കപ്പെടുന്നത്. ചൈനയിൽ, എല്ലാ ജൂൺ മാസത്തിലും ദശലക്ഷക്കണക്കിന് വിദ്യാർഥികൾ ഗാവോകാവോ പരീക്ഷ എഴുതുന്നു. ഇത് ഔദ്യോഗികമായി നാഷനൽ കോളജ് എൻട്രൻസ് എക്സാമിനേഷൻ എന്നാണ് അറിയപ്പെടുന്നത്. ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഗാവോകാവോ പരീക്ഷകൾ നടത്തുന്നത്. പ്രവിശ്യാടിസ്ഥാനത്തിലാണ് പരീക്ഷ. അവസാന വർഷ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ഗാവോകാവോ പരീക്ഷ നടത്തുന്നത്. ഏകദേശം 18 വയസ്സ് പ്രായമുള്ളവരാണ് ഇതെഴുതുന്നത്. ചൈനീസ് ഭാഷ, ഗണിതം, ഒരു വിദേശ ഭാഷ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. ഈ പരീക്ഷയിലെ വിദ്യാർഥിയുടെ സ്കോർ മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനം, കരിയർ അവസരങ്ങൾ എന്നിവ നിർണയിക്കുന്നതിൽ പ്രധാനമാണ്.
വിദ്യാർഥികൾ പലപ്പോഴും ഈ പരീക്ഷക്ക് തയാറെടുക്കാൻ വർഷങ്ങളോളം ചെലവഴിക്കുന്നുണ്ട്. പലരും ചെറുപ്രായത്തിൽതന്നെ കോച്ചിങ്ങും ട്യൂഷനും ആരംഭിക്കും. ഗാവോകാവോയിലെ വിജയത്തെ സാമ്പത്തിക സ്ഥിരത, സാമൂഹിക പദവി, ജീവിതത്തിൽ മികച്ച അവസരങ്ങൾ എന്നിവയിലേക്കുള്ള ഒരു പാതയായി കാണുന്നതിലൂടെ കുടുംബങ്ങളും വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിവരുന്നു. ഇന്ത്യയിലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷനുമായി (ജെ.ഇ.ഇ) ഗാവോകാവോ പരീക്ഷയെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്.
1977ലാണ് ഗാവോകാവോ പരീക്ഷ നിലവിൽ വന്നത്. ഗാവോകാവോക്കു പുറമേ, സോങ്‌കാവോ, ഗുവോകാവോ തുടങ്ങിയ മത്സര പരീക്ഷകളും ചൈന നടത്തുന്നുണ്ട്. അക്കാദമിക് അല്ലെങ്കിൽ വൊക്കേഷണൽ ഹൈസ്‌കൂളുകളിൽ പ്രവേശനം നേടുന്നതിനായി ജൂനിയർ മിഡിൽ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സീനിയർ ഹൈസ്‌കൂൾ പ്രവേശന പരീക്ഷയാണ് സോങ്‌കാവോ. അതേസമയം സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ചൈനയിലെ ഉയർന്ന മത്സരാധിഷ്ഠിത ദേശീയ സിവിൽ സർവീസ് പരീക്ഷയാണ് ഗുവോകാവോ. രണ്ട് പരീക്ഷകളിലും കർശനമായ ഇൻവിജിലേഷൻ, ഐഡന്റിറ്റി വെരിഫിക്കേഷൻ, നിയമ നടപടികൾ എന്നിവ ഉൾപ്പെടുന്നു. സൈനിക നിലവാരത്തിലുള്ള നിരീക്ഷണം, എ.ഐ നിരീക്ഷണം, സായുധ എസ്കോർട്ടുകൾ, ചോദ്യപേപ്പറുകൾ സംസ്ഥാന-രഹസ്യ തലത്തിൽ കൈകാര്യം ചെയ്യൽ എന്നിവകൊണ്ട് ഈ പരീക്ഷകൾ ഏറെ കുറ്റമറ്റതാകുന്നു. ചൈന ഗാവോകാവോ പരീക്ഷയെ അതീവ രഹസ്യ സ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചോദ്യപ്പേപ്പർചോർച്ച അപൂർവങ്ങളിൽ അപൂർവം മാത്രം. ലോകത്തിലെ ഏറ്റവും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ചോദ്യപ്പേപ്പറുകൾ കൈകാര്യം ചെയ്യുന്നത്.
വിദ്യാർഥികൾ പരീക്ഷാ ഹാളുകളിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കുന്ന പ്രക്രിയ ആരംഭിക്കുന്നു. കനത്ത സുരക്ഷയിലാണ് ചോദ്യപേപ്പറുകൾ തയാറാക്കുന്നത്. പലപ്പോഴും പ്രത്യേക ഇടങ്ങളിൽ നിരീക്ഷണ കാമറകൾ, ഗാർഡുകൾ എന്നിവയുടെ അകമ്പടിയോടെ 24 മണിക്കൂറും നിരീക്ഷിക്കുന്ന അതീവ സുരക്ഷാ സൗകര്യങ്ങളിലാണ് ഇവയുടെ അച്ചടി. അച്ചടിച്ചുകഴിഞ്ഞാൽ, പേപ്പറുകൾ ജി.പി.എസ് ട്രാക്കിങ്, വീഡിയോ മോണിറ്ററിങ്, മൾട്ടി-ലെയേർഡ് സെക്യൂരിറ്റി സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവയുള്ള സായുധ പൊലീസ് അകമ്പടിയോടെ കൊണ്ടുപോകും.
ചൈനയിൽ ഗാവോകാവോ പരീക്ഷാ ദിനം വെറുമൊരു സാധാരണ ദിവസമല്ല. പരീക്ഷകൾ നടക്കുന്ന ചൈനീസ് പ്രവിശ്യകളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബെഡുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവക്ക് നിയന്ത്രണമുണ്ട്. മെറ്റൽ ഡിറ്റക്ടറുകളും ഇന്റലിജന്റ് സുരക്ഷാ ഗേറ്റുകളും ഇതിനായി ഉപയോഗിക്കുന്നു. ആൾമാറാട്ടം തടയുന്നതിനായി മുഖം തിരിച്ചറിയൽ, വിരലടയാള സ്കാനുകൾ, ഐറിസ് പരിശോധന എന്നിവയുമുണ്ട്. വയർലെസ് ആശയവിനിമയം തടയുന്നതിന് പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും റേഡിയോ സിഗ്നൽ ജാമറുകളുമുണ്ടാകും. പരീക്ഷാ വേദികൾക്ക് സമീപമുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) ഫോഴ്‌സുമുണ്ടാകും.
പരീക്ഷാ സമയത്ത് കാർ ഹോൺ മുഴക്കൽ, വാണിജ്യ പ്രമോഷനുകൾ, ഇന്റീരിയർ ഡെക്കറേഷൻ ജോലികൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിയന്ത്രിക്കും. പരീക്ഷാ സമയങ്ങളിൽ, പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ ശബ്ദമുണ്ടാക്കുന്ന ഒരു പ്രവർത്തനവും അനുവദനീയമല്ല. പരീക്ഷാ തട്ടിപ്പിന് ചൈന കഠിനമായ ക്രിമിനൽ ശിക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ്, പിഴ, സ്കോറുകൾ റദ്ദാക്കൽ, ദീർഘകാല പരീക്ഷാ വിലക്ക് എന്നിവയുണ്ടാകും. പരീക്ഷാ ഇൻവിജിലേറ്റർമാർക്കും വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും അച്ചടക്ക നടപടി നേരിടേണ്ടിവരും. അതേസമയം ഗാവോകാവോ പരീക്ഷ വിദ്യാർഥികളുടെ സമ്മർദങ്ങൾ കൂട്ടുന്നുവെന്നും ഇത് ആത്മഹത്യകൾക്ക് കാരണമാകുന്നുവെന്നുമുള്ള ആരോപണങ്ങളും മറുവശത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.