ന്യൂഡൽഹി: വിവാദങ്ങൾക്കു പിന്നാലെ, 12ാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസ് വെരിഫിക്കേഷനും പുനർ മൂല്യനിർണയത്തിനുമുള്ള പോർട്ടൽ ആരംഭിക്കുന്നത് സി.ബി.എസ്.ഇ ജൂൺ ഒന്നിലേക്ക് മാറ്റി.
മേയ് 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ‘പോസ്റ്റ്-റിസൾട്ട് ആക്ടിവിറ്റീസ്’ പോർട്ടലാണ് സാങ്കേതിക സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നത് ചൂണ്ടിക്കാട്ടി ജൂൺ ഒന്നിലേക്ക് മാറ്റിയത്. വിദ്യാർഥികൾക്ക് സുതാര്യവും തടസ്സമില്ലാത്തതുമായ സേവനം ഉറപ്പാക്കാനാണ് തീയതി നീട്ടിയതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷിച്ചു വാങ്ങിയ വിദ്യാർഥികൾക്ക് മാത്രമേ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനാകൂ. മുഴുവൻ ഉത്തരക്കടലാസും പൊതുവായി പുനഃപരിശോധിക്കുന്നതിനു പകരം, തൃപ്തികരമല്ലാത്ത പ്രത്യേക ചോദ്യങ്ങൾക്ക് മാത്രമായി ഒബ്ജക്ഷനുകൾ ഉന്നയിക്കാം.
വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക മാർക്കിങ് സ്കീമുമായി തങ്ങളുടെ ഉത്തരങ്ങൾ താരതമ്യം ചെയ്ത ശേഷം കൃത്യമായ കാരണങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷകൾ പിന്നീട് അതത് വിഷയങ്ങളിലെ വിദഗ്ധർ വീണ്ടും പരിശോധിക്കുകയും മാർക്കിൽ മാറ്റമുണ്ടെങ്കിൽ അത് വിദ്യാർഥികളെ അറിയിക്കുകയും ചെയ്യും.
അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചോ മറ്റ് സംശയങ്ങളോ ഉള്ളവർക്ക് 1800 118004 എന്ന സി.ബി.എസ്.ഇ ടെലി-കൗൺസലിങ് ഹെൽപ് ലൈൻ നമ്പറിലോ resultcbse2026@cbseshiksha.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.