സംസ്ഥാന മെഡിക്കല്‍ പ്രവേശ പരീക്ഷ റദ്ദാക്കില്ല

തിരുവനന്തപുരം: നീറ്റ് പരീക്ഷ ഈ അധ്യയനവര്‍ഷം തന്നെ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെ സംസ്ഥാനത്ത് നടത്തിയ മെഡിക്കല്‍ പ്രവേശ പരീക്ഷ മെഡിക്കല്‍ അനുബന്ധ കോഴ്സ് പ്രവേശത്തിന് ഉപയോഗിക്കേണ്ടിവരും. നീറ്റ് പരീക്ഷ വഴി എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശമാണ് നടത്തുക. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശ പരീക്ഷ മെഡിക്കല്‍/ ഡെന്‍റല്‍ കോഴ്സുകള്‍ക്ക് പുറമെ ബി.എ.എം.എസ് (ആയുര്‍വേദം), ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യുനാനി) കോഴ്സുകളിലേക്കും കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകളുടെ വിവിധ ബിരുദ കോഴ്സുകളിലെയും പ്രവേശം കൂടി ലക്ഷ്യമിട്ടാണ്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ളെന്ന് പ്രവേശപരീക്ഷാ കമീഷണറേറ്റ് വ്യക്തമാക്കി. അതേസമയം, മെഡിക്കല്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തുന്ന പ്രവേശപരീക്ഷ വഴി തയാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്നുള്ള അലോട്ട്മെന്‍റ് സംബന്ധിച്ച് ഇനിയും വ്യക്തത ആവശ്യമുണ്ടെന്നാണ് പ്രവേശപരീക്ഷാ കമീഷണറേറ്റ് പറയുന്നത്. 2013ല്‍ നടത്തിയ നീറ്റ് പരീക്ഷയില്‍ സംസ്ഥാനം പങ്കാളിയായിരുന്നു. അന്ന് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് പട്ടികയില്‍നിന്ന് കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ റാങ്ക് പട്ടിക പ്രവേശ പരീക്ഷാ കമീഷണറേറ്റ് സി.ബി.എസ്.ഇയില്‍നിന്ന് വാങ്ങുകയായിരുന്നു.
ഈ റാങ്ക് പട്ടിക പ്രകാരം അലോട്ട്മെന്‍റ് പ്രക്രിയ നിര്‍വഹിച്ചത് പ്രവേശ പരീക്ഷാ കമീഷണര്‍ തന്നെയായിരുന്നു. ഇത്തവണ ഇതേ മാതൃകയില്‍തന്നെ റാങ്ക് പട്ടിക ലഭ്യമാക്കുമോ, അതോ അലോട്ട്മെന്‍റ് പ്രക്രിയയും മെഡിക്കല്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ നടത്തുമോ എന്ന് വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.