അഞ്ച്, എട്ട് ക്ളാസുകളില്‍നിന്നുള്ള സ്ഥാനക്കയറ്റം പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കും



ന്യൂഡല്‍ഹി: അഞ്ച്, എട്ട് ക്ളാസുകളില്‍നിന്നുള്ള നിരുപാധിക സ്ഥാനക്കയറ്റം നിര്‍ത്തലാക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ഒരുങ്ങുന്നു. ഈ ക്ളാസുകളില്‍നിന്ന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഇനി പരീക്ഷ ജയിക്കണം. നേരത്തേ, രാജ്യത്തെ 14 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.പി.എ സര്‍ക്കാറാണ് നിരുപാധിക സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ ഭേദഗതിവരുത്തി 2010 ഏപ്രില്‍ ഒന്നിനായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈ നിയമത്തില്‍ വീണ്ടും ഭേദഗതിവരുത്തി പരീക്ഷയെ അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം നല്‍കാനാണ് മാനവശേഷി മന്ത്രാലയത്തിന്‍െറ ആലോചന. ഇതേക്കുറിച്ച അഭിപ്രായം ആരാഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചിരുന്നു. കത്തിന് മുഴുവന്‍ സംസ്ഥാനങ്ങളും മറുപടി അയച്ചുവെന്നും ഇതിന്‍െറകൂടി അടിസ്ഥാനത്തിലാണ് അഞ്ച്, എട്ട് ക്ളാസുകളില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നതെന്നും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നറിയുന്നു.
അതേസമയം, ഈ ക്ളാസുകളിലേക്ക് നടത്തുന്ന പരീക്ഷ കൂടുതല്‍ സുതാര്യവും ലളിതവുമാക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷയില്‍ ഒരുതവണ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വീണ്ടും അവസരം നല്‍കുന്നതിനും നിര്‍ദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.