കേരള സർവകലാശാല ബജറ്റ് അവതരണത്തിൽ കനത്ത പിടിപ്പ്കേടെന്ന് യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല ബജറ്റ് അവതരണത്തിൽ കനത്ത പിടിപ്പ്കേടെന്ന് യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ. കേരള സർവകലാശാല ബഡ്ജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റി വെക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പ്കേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ ആരോപിച്ചു.

സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ മുടക്കം കൂടാതെ നടന്നുപോകുന്നതിനു അത്യന്താപേക്ഷിതമായ ബജറ്റ് പാസാക്കുന്നതിനായി, സാമ്പത്തിക വർഷം അവസാനിക്കുന്നതിനു കേവലം നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് മാർച്ച്‌ 25, 26 തീയതികളിൽ ആദ്യം സെനറ്റ് യോഗം വിളിച്ചത്. പിന്നീട് രണ്ടു ദിവസം എന്നത് വെട്ടി ചുരുക്കി 25 ലേക്ക് പരിമിതപ്പെടുത്തി. ഒടുവിൽ ഈ യോഗം 27 ലേക്ക് മാറ്റിവക്കുകയായിരുന്നു.

കേരളത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളും , ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ബജറ്റ് നേരത്തെ തന്നെ പാസാക്കിയപ്പോൾ, കേരള സർവകലാശാല ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. പെരുമാറ്റചട്ടം വന്നാൽ പ്രഖ്യാപനങ്ങൾ ഒന്നും നടത്താനാവില്ലെന്നും ബജറ്റ് പരിമിതപ്പെടുത്തേണ്ടി വരുമെന്നും സർവകലാശാല അധികാരികൾ അറിഞ്ഞില്ല.

ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, പരീക്ഷ നടത്തിപ്പ്, ഗവേഷണ ഫണ്ടുകൾ എന്നിവ മുടങ്ങാതിരിക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യഥാസമയം വിനിയോഗിക്കുന്നതിനും ബജറ്റ് പാസാക്കുന്നത് ആവശ്യമാണ്. ബജറ്റ് മാറി വോട്ട്ഓൺ അക്കൗണ്ട് ആണോ എന്ന കാര്യം പോലും സെനറ്റ് അംഗങ്ങളെ അറിയിക്കാതെയാണ് സർവകലാശാല മുന്നോട്ട് പോകുന്നത്. ബജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സെനറ്റിൽ ചർച്ചചെയ്യപ്പെടരുത് എന്ന ചിലരുടെ പിടിവാശിയാണ് സർവകലാശാലയെ ഭരണസ്തംഭനത്തിലേക്ക് എത്തിച്ചത്. പരമാധികാര സഭയായ സെനറ്റിനെ നോക്ക് കുത്തി ആക്കിയാണ് അധികാരികളുടെ നീക്കം.

ഓഡിറ്റ് റിപ്പോർട്ട്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് പാസാക്കാതെയും, ജനറൽ സെനറ്റ് യോഗം വിളിക്കാതെയുമാണ് സർവകലാശാല അധികാരികൾ ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിനെതിരെ യു.ഡു.എഫ് സെനറ്റ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുന്ന രീതിയിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നു യോഗം കുറ്റപ്പെടുത്തി. ഡോ. എബ്രഹാം എ, ഡോ. അജേഷ് എസ്. ആർ, ഡോ. വിനോദ് കെ ജോസഫ്, മറിയം ജാസ്മിൻ, വൈ. അഹമ്മദ് ഫസിൽ എന്നിവർ സംസാരിച്ചു.

News Summary - UDF senate members say that the Kerala University has a tight grip on the budget presentation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.