മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം; ഓണ്‍ലൈന്‍  അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഈവര്‍ഷത്തെ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ/ എന്‍ജിനീയറിങ്  കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അപേക്ഷയുടെ പകര്‍പ്പ് അനുബന്ധരേഖകള്‍ സഹിതം തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ കമീഷണറേറ്റില്‍ ലഭിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയാണ്. അപേക്ഷ എത്തിക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് അടുത്തദിവസം തീരുമാനമെടുക്കുമെന്ന് പരീക്ഷ കമീഷണറേറ്റ് അറിയിച്ചു. സമയം അവസാനിക്കുന്നതിനുമുമ്പുള്ള ദിവസങ്ങളില്‍ കൂട്ട അവധി വന്നത് വിദ്യാര്‍ഥികള്‍ക്ക് വില്ളേജ് ഓഫിസുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ തടസ്സമായിട്ടുണ്ട്. 

നേരത്തേ വില്ളേജ് ഓഫിസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതില്‍ ഇളവ് വരുത്താന്‍ മന്ത്രിതലത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, അപേക്ഷ നടപടി തുടങ്ങിയതിനാല്‍ ഈവര്‍ഷം ഇളവ് അനുവദിക്കാനാകില്ളെന്ന് പരീക്ഷ കമീഷണറേറ്റും വ്യക്തമാക്കി. റവന്യൂ മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തെങ്കിലും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതുമില്ല.സര്‍ട്ടിഫിക്കറ്റുകളില്‍ ആശയക്കുഴപ്പം ഉയര്‍ന്നതോടെ പല വിദ്യാര്‍ഥികളും ഇതിന് വില്ളേജ് ഓഫിസുകളില്‍ പോയതുമില്ല. ഒട്ടേറെപ്പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ അപേക്ഷയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കേണ്ടിയും വരും. അതേസമയം, ബി.ഫാം, ഫാം-ഡി കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ കമീഷണര്‍ പ്രത്യേകം റാങ്ക് പട്ടിക തയാറാക്കണമെന്ന ഉത്തരവും ഇറങ്ങി. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ ഒന്നിന്‍െറ മാര്‍ക്കും പ്ളസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ഇന്‍ഡക്സ് മാര്‍ക്കും ചേര്‍ത്താണ് ഫാര്‍മസി കോഴ്സുകള്‍ക്ക് റാങ്ക് പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തേ എല്‍.ബി.എസ് ആയിരുന്നു ഈ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. ഫാര്‍മസി കോഴ്സ് പ്രവേശനത്തിന് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതണമെന്ന നിര്‍ദേശം വന്ന സാഹചര്യത്തില്‍ ഈ കുട്ടികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടി വരും. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വരുന്നവരാണ് ഫാര്‍മസി കോഴ്സുകള്‍ക്ക് ചേരുന്നവരില്‍ ഭൂരിഭാഗവും. മെഡിക്കല്‍ പ്രവേശനത്തിന് ഇത്തവണ നീറ്റ് പരീക്ഷയായതിനാല്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ഫാര്‍മസി കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ കമീഷണര്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടിയും വരും.  ഇവര്‍ക്ക് അവസരം നല്‍കുന്നതിനൊപ്പംതന്നെ അവശേഷിക്കുന്നവര്‍ക്ക് സമയം നീട്ടിനല്‍കാനാകുമോ എന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് ആലോചിക്കുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സ് പ്രവേശനത്തിന് 1.35 ലക്ഷം വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 
Tags:    
News Summary - medical engineering entrance 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.