‘അന്ന്​ എൽ.എസ്​.എസ്​ നേടിയ ഞാൻ ഇപ്പോൾ പാചകക്കാരൻ; കിട്ടാത്ത നാലുപേർ സർക്കാർ ജോലിക്കാർ’

കോഴിക്കോട്​: മകൾക്ക്​ എൽ.എസ്​.എസ്​ (ലോവർ സെക്കൻഡറി സ്​കോളർഷിപ്​) കിട്ടിയപ്പോൾ മുൻ എൽ.എസ്​.എസ്​ ജേതാവായ പിതാവ്​ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ്​ വൈറലാകുന്നു.  വടകര ശിവാനന്ദ വിലാസം ജെ ബി യിൽ പഠിക്കുന്ന സഫ നിലോഫർ എന്ന കുട്ടിയുടെ പിതാവ്​ അബ്​ദുൽ സക്കീർ എഴുതിയ വാക്കുകളാണ്​ സോഷ്യൽമീഡിയ കൈയ്യടികളോടെ സ്വീകരിച്ചത്​.  

മകളുടെ വിജയത്തിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ തുടങ്ങുന്നത്​. മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവളെ അഭിനന്ദിക്കുന്നുമുണ്ട്​. സ്​കൂളിലെ 25 കുട്ടികൾ എഴുതിയതിൽ 13 പേരാണ്​ വിജയിച്ചത്​. എന്നാൽ, മകളെ അഭിനന്ദിക്കാൻ വിളിച്ച അധ്യാപികയോട് നേരിയ മാർക്കിന്​ LSS നഷ്ടപ്പെട്ട മക്കളെ ആദ്യം വിളിക്കണമെന്നാണ് പറ​ഞ്ഞതെന്നും സക്കീർ പറയുന്നു.  താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല. നിർഭാഗ്യവശാൽ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവും നിരാശാബോധവും ഉണ്ടായാൽ ഒരു പക്ഷേ, നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമർത്ഥനായ ഒരു വിദ്യാർഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുമെന്നും സക്കീർ ചൂണ്ടിക്കാണിക്കുന്നു. 

27 വർഷം മുമ്പ്​ മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽനിന്ന്​ എൽ.എസ്​.എസ്​ നേടിയ തൻെറ ജീവിതം മുൻനിർത്തിയാണ്​​ സക്കീർ ഇതുപറയുന്നത്​​.  അന്ന്​ ഒമ്പതുപേർ എഴുതിയിട്ട് രണ്ടുപേർക്കാണ് സ്​കോളർഷിപ്പ്​ ലഭിച്ചത്. എന്നാൽ, എൽ.എസ്​.എസ്​ നേടിയ ഞാൻ എസ്​.എസ്​.എൽ.സി തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ്ഷനോടെയാണ് എസ്​.എസ്​.എൽ.സി പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രഫഷനലുകളായോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല -അദ്ദേഹം പറയുന്നു.

തോറ്റതിൻെറ പേരിൽ ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള രക്ഷിതാക്കൾക്കും മുൻപിൽ എൻെറ ജീവിതം ഞാൻ തുറന്നു വെക്കുന്നു എന്ന കുറിപ്പോടെയാണ്​ പോസ്​റ്റ്​ അവസാനിക്കുന്നത്​. 27 വർഷം എൽ.എസ്​.എസ്​ നേടിയപ്പോൾ പത്രത്തിൽ വന്ന ഫോ​ട്ടോയും ഇതോടൊപ്പം നൽകിയിട്ടുണ്ട്​. 

വടകര കു​ട്ടോത്ത്​ സ്വദേശിയായ സക്കീർ വടകരയിൽ കോഹിനൂർ കാറ്ററിങ്​ എന്ന സ്​ഥാപനം നടത്തുകയാണിപ്പോൾ. അബ്​ദുൽ സക്കീർ സസ്​നേഹം എന്നപേരിലാണ്​ ഫേസ്​ബുക്കിൽ എഴുതുന്നത്​. 

ഫേസ്​ബുക്​ പോസ്​റ്റിൻെറ പൂർണ രൂപം:

മകൾക്ക് (സഫ നിലോഫർ ) LSS കിട്ടി. നിറഞ്ഞ സന്തോഷം ... മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവൾക്ക് അഭിനന്ദനങ്ങൾ...

വടകര ശിവാനന്ദ വിലാസം ജെ ബി യിലാണ് മകൾ പഠിച്ചത്. അവളുടെ അധ്യാപകരോടും നന്ദി പറയുന്നു.
25 കുട്ടികൾ എഴുതിയതിൽ 13 പേർക്കാണ് അവിടെ LSS കിട്ടിയത്. നന്നായി മികവ് പുലർത്തുന്നവരായത് കൊണ്ടാണ് 25 പേർ ഈ പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതുന്നു. താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല.
മകൾക്ക് അഭിനന്ദനം നേരാൻ വിളിച്ച അധ്യാപികയോട് ഞാൻ പറഞ്ഞത് ആദ്യം ഒന്നോ രണ്ടോ മാർക്കിൽ LSS നഷ്ടപ്പെട്ട ആ മക്കളെ വിളിക്കാനാണ്.

സ്കൂളുകൾ തമ്മിലും അധ്യാപകർ തമ്മിലും രക്ഷിതാക്കൾ തമ്മിലും വളർന്നു വരുന്ന ആരോഗ്യപരമോ / അനാര്യോഗ്യപരമോ ആയ മത്സരങ്ങൾക്കിടയിൽ LSS/ USS തുടങ്ങിയ പരീക്ഷകൾക്ക് നല്കാൻ തുടങ്ങിയ അമിത പ്രാധാന്യത്തെയും .അത് നേടുന്ന കുട്ടികൾക്ക് നൽകുന്ന അമിതമായ സാമൂഹിക ലാളനകളെയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രവഹിക്കുന്ന ആശംസാപ്രവാഹങ്ങളും ... സ്കൂൾ മതിലിലും സ്കൂൾ ബസിലും പ്രദർശിപ്പിക്കാനിടയുള്ള അഭിനന്ദന ഫ്ലക്സുകളും റസിഡൻസ് അസോസിയേഷനുകളിലും വായനശാലകളിലും നടക്കാൻ പോകുന്ന അനുമോദന യോഗങ്ങളും രക്ഷിതാക്കൾ നല്കാൻ പോകുന്ന ഗിഫ്റ്റുകളും പാർട്ടികളുമെല്ലാം സ്കോളർഷിപ്പ് നേടിയ കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കാനേ ഉപകരിക്കൂ.....
കൂട്ടത്തിൽ നിന്ന് മോശക്കാരൻ / മോശക്കാരി എന്ന് ചിത്രീകരിച്ച് മാറ്റി നിർത്തുന്ന നിർഭാഗ്യവശാൽ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തിൽ ഇത്തരം കാട്ടിക്കൂട്ടലുകളുണ്ടാക്കാനിടയുള്ള ഉണങ്ങാത്ത മുറിവും നിരാശാബോധവും ഒരു പക്ഷേ നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമർത്ഥനായ ഒരു വിദ്യാർഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുത്താനേ ഉപകരിക്കൂ...

അതിനാൽ അവരെ ചേർത്ത് പിടിക്കാനും കരുത്ത് പകരാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.

വാൽക്കഷണം :
27 വർഷം മുമ്പ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേർ എഴുതിയിട്ട് 2 പേർക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാൻ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല.

ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കൾക്കും മുൻപിൽ എന്റെ ജീവിതം ഞാൻ തുറന്നു വെക്കുന്നു........

'അവരെ തുറന്നു വിടുക....
സ്വതന്ത്രരായി....
അവരുടെ ആകാശം ....
.അവർ കണ്ടെത്തുക തന്നെ ചെയ്യും.....

LSS ഉം USS ഉം എഴുതാൻ ഭാഗ്യം ലഭിച്ച എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ.......

Tags:    
News Summary - lss holder's father's fb post viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.