ന്യൂഡൽഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 ന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ 300 ൽ 300 മാർക്കും നേടി പഞ്ചാബിലെ മൃണാൾ ഗാർഗ്. ബിസിനസുകാരനാണ് മൃണാളിന്റെ പിതാവ് ചിരഞ്ജിത്. മാതാവ് വേണു ബാല വീട്ടമ്മയും. തന്റെ മിന്നുന്ന വിജയത്തിന് ക്രെഡിറ്റ് മൂത്ത സഹോദരനും അധ്യാപകർക്കുമാണ് മൃണാൾ നൽകുന്നത്. ജോധിപൂർ എയിംസിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് മൃണാളിന്റെ സഹോദരൻ ഭാരതീഷ് ഗാർഗ്. സഹോദരന്റെ ചിട്ടയായ പഠനമാണ് തന്റെയും മാതൃകയെന്ന് മൃണാൾ പറയുന്നു. 10ാം ക്ലാസിനു ശേഷം സഹോദരനെ പോലെ പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്തു. ബതീന്ദയിലെ സെന്റ് കബീർ കോൺവന്റ് സ്കൂളിലായിരുന്നു പഠനം. ചണ്ഡീഗഢിലെ ശ്രീ ചൈതന്യ അക്കാദമിയിൽ എൻട്രൻസ് പഠനത്തിനു ചേർന്നു.
മൂത്ത മകൻ മെഡിസിനായി പഠിക്കുന്നതു കണ്ടാണ് മൃണാളും സയൻസ് തെരഞ്ഞെടുത്തെതന്ന് അമ്മ രേണു ബാല പറയുന്നു. കോവിഡ് കാലത്താണ് മൃണാൾ ജെ.ഇ.ഇക്കായി ഒരുക്കം തുടങ്ങിയത്. ഓൺലൈൻ ക്ലാസ് വഴിയായിരുന്നു കൂടുതലും പഠനം. അതിനൊപ്പം സ്വന്തം നിലക്കും പഠനം നടത്തി. ഫേസ്ബുക്, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചതേയില്ല. പഠന ആവശ്യത്തിനായി മാത്രം വാട്സ്ആപ് ഉപയോഗിച്ചു.-മകന്റെ വിജയമന്ത്രം ഇതായിരുന്നുവെന്ന് രേണു വിശദീകരിച്ചു. ഐ.ഐ.ടി ബോംബെയിൽ കംപ്യൂട്ടർ സയൻസിന് ചേരാനാണ് ഇപ്പോൾ അവന് താൽപര്യമെന്നും അമ്മ പറഞ്ഞു.
ബതീന്ദയിലെ മിനോച കോളനിയിലാണ് മൃണാളിന്റെ കുടുംബം താമസിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ബിസിനസ് ആണ് പിതാവിന്. ഇപ്പോൾ ജെ.ഇ.ഇ അഡ്വാൻസ്ഡിനായുള്ള പഠനത്തിലാണ് മൃണാൾ. പഠനത്തിനു പുറമെ നന്നായി ഗിറ്റാർ വായിക്കും. ക്രിക്കറ്റും കളിക്കും.ജെ.ഇ.ഇ മെയിൻ സെഷൻ 1 ൽ 14 വിദ്യാർഥികളാണ് നൂറു ശതമാനം മാർക്ക് നേടിയത്. ഇതിൽ ഒരു പെൺകുട്ടി മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.