എ.ബി.വി.പി പ്രതിഷേധത്തിനു വഴങ്ങി പാഠ്യപദ്ധതിയിൽനിന്ന് ജിന്ന, സർ സയ്യിദ് അഹ്മദ് ഖാൻ, ഇഖ്ബാൽ എന്നിവരെ ഒഴിവാക്കി ജമ്മു സർവകലാശാല

ജമ്മു: ജമ്മു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് എം.എ പാഠ്യപദ്ധതിയിൽ നിന്ന് മുഹമ്മദ് അലി ജിന്ന, സർ സയ്യിദ് അഹമ്മദ് ഖാൻ, അല്ലാമ മുഹമ്മദ് ഇഖ്ബാൽ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കാൻ സമിതി ശിപാർശ ചെയ്തു. സർവകലാശാലയിലെ ഫാക്കൽറ്റി ആൻഡ് ഡിപ്പാർട്ട്‌മെന്റൽ അഫയേഴ്‌സ് കമ്മിറ്റി ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പി പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് സർവകലാശാാലയുടെ നീക്കം.

പി.ജി സിലബസിലെ 'ന്യൂനപക്ഷങ്ങളും രാജ്യങ്ങളും' എന്ന അധ്യായത്തിൽ ജിന്നയെ ഉൾപ്പെടുത്തിയതിനെച്ചൊല്ലി എ.ബി.വി.പി. പ്രവർത്തകർ ക്യാമ്പസിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജിന്നയെ ന്യൂനപക്ഷ നേതാവായി ചിത്രീകരിക്കുന്നതാണ് പാഠഭാഗമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് സർവകലാശാല വൈസ് ചാൻസലർ ഉമേഷ് റായ്, ഫിസിക്സ് വിഭാഗം പ്രൊഫ. നരേഷ് പാധയുടെ നേതൃത്വത്തിൽ പാഠ്യപദ്ധതി പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

ഈ സമിതിയുടെ റിപ്പോർട്ടിന് മുന്നോടിയായാണ് ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയുടെ തീരുമാനം. ശിപാർശ ഇപ്പോൾ ബോർഡ് ഓഫ് സ്റ്റഡീസിന്റെ പരിഗണനയ്ക്ക് വിട്ടു. മാർച്ച് 24ന് നടക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസ് യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

നേരത്തെ, സിലബസിലെ മാറ്റങ്ങളെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ബൽജിത് സിങ് മാൻ ന്യായീകരിച്ചിരുന്നു. പാഠ്യപദ്ധതി അക്കാദമിക് സ്വഭാവമുള്ളതാണെന്നും യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഭിന്ന ആശയങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് സർവകലാശാല ചെയ്യുന്നതെന്നും, ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jammu university drops jinnah iqbal from syllabus following abvp protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.