അട്ടിമറിക്ക് വാതിൽ തുറന്നിട്ട് ഗവ. കോളജ് പ്രിൻസിപ്പൽ പട്ടിക

തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള 43 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. യു.ജി.സി മാനദണ്ഡപ്രകാരം തയാറാക്കി പി.എസ്.സി അംഗീകരിച്ച പട്ടികയാണ് ഒടുവിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തുവിട്ടത്. എന്നാൽ, അട്ടിമറിക്ക് വാതിൽ തുറന്നിട്ട്, അപ്പീൽ അവസരം നൽകിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് പി.എസ്.സി അംഗീകരിച്ച പട്ടിക അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാണ്.

യു.ജി.സി റെഗുലേഷൻ പ്രകാരം അയോഗ്യരാക്കപ്പെട്ട സി.പി.എം അധ്യാപക സംഘടന നേതാക്കളെക്കൂടി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താനാണ് അപ്പീൽ അവസരമെന്നാണ് ആക്ഷേപം. സെലക്ഷൻ കമ്മിറ്റി തയാറാക്കുകയും പി.എസ്.സി അംഗീകരിക്കുകയും ചെയ്ത പട്ടിക മന്ത്രി ഒപ്പിട്ട് നിയമനം നടത്തുന്നതിന് പകരം വീണ്ടും അവസരം നൽകുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിലാണ് സെലക്ഷൻ കമ്മിറ്റി ഇന്‍റർവ്യൂ നടത്തി 110 അപേക്ഷകരിൽനിന്ന് 43 പേരുടെ റാങ്ക് പട്ടിക തയാറാക്കുകയും പി.എസ്.സിക്ക് ശിപാർശ ചെയ്യുകയും ചെയ്തത്. പി.എസ്.സി അംഗംകൂടി ഉൾപ്പെട്ട ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകാരം നൽകിയതാണ് ഈ പട്ടിക.

യു.ജി.സി വ്യവസ്ഥ പ്രകാരം പ്രിൻസിപ്പലിന് 15 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. അധ്യാപകേതര തസ്തികയിലെ ഡെപ്യൂട്ടേഷൻ കാലവും അധ്യാപന പരിചയമായി കണക്കാക്കാനും യു.ജി.സിയുടെ അംഗീകൃത ജേണൽ പട്ടികയിൽ (കെയർ ലിസ്റ്റ്) ഉൾപ്പെടാത്ത കോളജ് ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങൾകൂടി പരിഗണിക്കാനും സർക്കാർ ഈയിടെ ഉത്തരവിറക്കിയിരുന്നു.

ഇത് യു.ജി.സി റെഗുലേഷന് വിരുദ്ധമാണ്. പ്രിൻസിപ്പൽ നിയമനത്തിൽ ഉൾപ്പെടെ യു.ജി.സി റെഗുലേഷൻ കർശനമായി പാലിക്കണമെന്ന കോടതിയുടെയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും (കെ.എ.ടി) വിധികളെ മറികടന്നാണ് സർക്കാർ ഉത്തരവ്.റെഗുലേഷന് വിരുദ്ധമായി നേരത്തേ നിയമിച്ച 12 ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെയും മൂന്ന് ലോ കോളജ് പ്രിൻസിപ്പൽമാരുടെയും നിയമനങ്ങൾ ഏതാനും ദിവസം മുമ്പ് കെ.എ.ടി അസാധുവാക്കിയിരുന്നു. ഇവരിൽ രണ്ടുപേർ ഇപ്പോഴും ഡെപ്യൂട്ടി ഡയറക്ടർമാരായും രണ്ടുപേർ പ്രിൻസിപ്പൽമാരായും തുടരുകയാണ്.സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Tags:    
News Summary - Govt. college principal list has opened the door to Corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.